വൈദികന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: ആശുപത്രിക്കെതിരെ പ്രതിഷേധം

കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെയും പ്രതിഷേധം ശക്തമായി. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലേക്ക് ഇടത് യുവജന-മഹിള സംഘടനകള്‍ മാര്‍ച്ച് നടത്തി. കൊട്ടിയൂര്‍ സ്വദേശിയായ വൈദികന്‍ റോബിന്‍ വടക്കംചേരി കേസില്‍ റിമാന്‍ഡിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലാണ് പ്രസവിച്ചിരുന്നത്. ഇക്കാര്യം ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിച്ചിരുന്നില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ബുധനാഴ്ച വൈകീട്ട് നിരവധി സംഘടനകളാണ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. എ.ഐ.വൈ.എഫ്, മഹിളാസംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. കൂത്തുപറമ്പ് സി.ഐ യു. പ്രേമന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രി ഗേറ്റില്‍ മാര്‍ച്ച് തടഞ്ഞു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം വി.കെ. സുരേഷ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി.കെ. പുഷ്പ അധ്യക്ഷത വഹിച്ചു. കെ.വി. രജീഷ്, സി. വിജയന്‍, മീനാക്ഷി ടീച്ചര്‍, പി. ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മഹിള അസോസിയേഷന്‍ കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. തൊക്കിലങ്ങാടി ടൗണില്‍ നടന്ന യോഗം അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. വി. സൗമിനി അധ്യക്ഷത വഹിച്ചു. കെ. ലീല, കെ.പി.വി. പ്രീത, എന്‍. നിത, പത്മജ പദ്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തൊക്കിലങ്ങാടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കൂത്തുപറമ്പ് ടൗണില്‍ സമാപിച്ചു. അഭിലാഷ് പനോളി, കെ. വിനോദന്‍, എം.വി. അനില്‍കുമാര്‍, കെ. ലയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശക്തമായ പൊലീസ് സന്നാഹം ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.