മരണത്തിലും ഒന്നിച്ച്​ പ്രിയ കൂട്ടുകാർ

മഞ്ചേശ്വരം: മഞ്ചേശ്വരം ഉദ്യാവറിലെ വയലിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാന്‍ പോയ വിദ്യാർഥികൾ മുങ്ങിമരിച്ചത് ഉദ്യാവരം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഉദ്യാവരം ബി.എസ് നഗർ ഹാജർ ഹൗസിൽ പരേതനായ പി.ടി. മുഹമ്മദ്--സീനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ശരീഫ് (ഏഴ്), ഉദ്യാവരം ബന്നത്തൊടി ഹൗസിൽ ഹസൻകുഞ്ഞി-സഫ്രീന ദമ്പതികളുടെ മകൻ അബ്ദുൽ അഫ്രീദി (11), ബി.എസ് നഗർ മുഹമ്മദ്--ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് അസ്‌ലം (എട്ട്) എന്നിവരാണ് മരിച്ചത്. കളിക്കൂട്ടുകാരായ മൂവരും ആത്മാർഥ സുഹൃത്തുക്കളായിരുന്നു. അബ്ദുൽ അഫ്രീദി അൽസഖാഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെയും മുഹമ്മദ് ശരീഫ്, മുഹമ്മദ് അസ്‌ലം എന്നിവർ മാട ജി.എൽ.പി സ്‌കൂളിലെയും വിദ്യാർഥികളായിരുന്നുവെങ്കിലും സ്‌കൂൾ സമയം കഴിഞ്ഞാൽ ഇവർ എന്നും ഒന്നിച്ചാണ് കളിക്കാൻ പോകാറുള്ളത്. അതുകൊണ്ടുതന്നെ സ്‌കൂൾ അവധിയായ ശനിയാഴ്ച ഇവർ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ എതിർത്തില്ല. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരണം ഇവരെ തട്ടിയെടുത്ത സത്യം വീട്ടുകാരും നാട്ടുകാരും മനസ്സിലാക്കുന്നത്. കാണാതായ കുട്ടികളെ കണ്ടെത്താൻ പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അതിനിടെയാണ് മൂന്നു കുട്ടികള്‍ കുണ്ടകുളക്കെ വയല്‍ ഭാഗത്തേക്ക് പോകുന്നത് കണ്ടതായി ഒരാളില്‍നിന്ന് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് അസ്‌ലമി​െൻറ പിതാവ് മഹ്മൂദും സഹോദരന്‍ നിസാമുദ്ദീനും ബന്ധു അബ്ദുല്‍ഖാദറും വയലിലെത്തി. എന്നാൽ, ഇവിടെ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെയാണ് സമീപത്തെ തോട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ അസ്‌ലമി​െൻറയും ശരീഫി​െൻറയും മൃതദേഹങ്ങള്‍ തലകീഴായി ചളിയില്‍ പൂണ്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും കെട്ടിപ്പിടിച്ച നിലയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. അസ്‌ലമി​െൻറയും ശരീഫി​െൻറയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് 300 മീറ്റര്‍ അകലെയാണ് അഫ്രീദി​െൻറ മൃതദേഹം കണ്ടത്. രണ്ടുപേരുടെ പോക്കറ്റില്‍നിന്ന് പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മീന്‍പിടിച്ച് കൊണ്ടുപോകാനായി കരുതിയതാണെന്ന് സംശയിക്കുന്നു. വയലിലെ വെള്ളക്കെട്ടില്‍ പരല്‍മീനുകള്‍ ഉള്ളതിനാല്‍ ഇത് കാണാനായി കുട്ടികള്‍ എത്തുന്നത് പതിവാണ്. ചെറിയ പ്രദേശമാണ് ഉദ്യാവര്‍ ബി.എസ് നഗർ. ഓട്ടോയും കാറുകളും മാത്രം കടന്നുപോകുന്ന ചെറിയ റോഡുകളുള്ള ഇവിടെ വാഹനങ്ങള്‍ കൂടുതല്‍ വരാത്തതിനാല്‍ കോണ്‍ക്രീറ്റ് ചെയ്ത വൃത്തിയുള്ള റോഡില്‍ തന്നെയാണ് കുട്ടികള്‍ കളിക്കാറുള്ളത്. ബി.എസ് നഗറും തൊട്ടടുത്ത കുറ്റിക്കാട് എന്ന പേരിലറിയപ്പെടുന്ന പ്രദേശവും ബന്ധിപ്പിക്കുന്ന റോഡി​െൻറ നിർമാണം നടന്നുവരുകയാണ്. ഇവിടെയുള്ള ചെറിയ തോടിന് കുറുകെ പാലം പൂര്‍ത്തിയായിരുന്നു. റോഡ് നിർമിക്കാനായി പാടത്തുനിന്നും യന്ത്രമുപയോഗിച്ച് മണ്ണെടുത്തിരുന്നു. മണ്ണെടുത്തപ്പോള്‍ രൂപപ്പെട്ട കുഴി മഴവന്നതോടെ ചളിക്കുളമായി. മഴവെള്ളം കെട്ടിനിന്നതിനാല്‍ കുഴി പുറമേക്ക് കാണാൻ സാധിക്കാത്തതാണ് അപകടത്തി​െൻറ വ്യാപ്തി കൂട്ടിയത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഉദ്യാവറിൽ പൊതുദർശനത്തിനുവെച്ച മൃതദേഹങ്ങൾ ഉച്ചക്കുശേഷം ഉദ്യാവരം ആയിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ശരീഫി​െൻറ സഹോദരങ്ങൾ: മുനവ്വിറ, സലീം. അസ്‌ലമി​െൻറ സഹോദരങ്ങൾ: ഹാഷിം, നിസാമുദ്ദീന്‍, നിഷാന, അര്‍ഷാന, സുഹാന. അഫ്രീദി​െൻറ സഹോദരങ്ങൾ: അര്‍ഫാദ്, അസ്‌കര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.