പുതിയ കാലത്ത് അറിവിലും മായം കലർത്തുന്നു ^എം. മുകുന്ദൻ

പുതിയ കാലത്ത് അറിവിലും മായം കലർത്തുന്നു -എം. മുകുന്ദൻ കണ്ണൂർ: ഭക്ഷണത്തിലും ഔഷധത്തിലുമെന്ന പോലെ അറിവിലും മായം കലർത്തുന്നതാണ് പുതിയ കാലമെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ഇതുവരെ അറിവ് സത്യമായിരുന്നു. അതിൽ ആരും മായം കലർത്തിയിരുന്നില്ല. എന്നാൽ, ഫാഷിസ്റ്റ് ശക്തികൾ അടുത്തകാലത്തായി അറിവിലും മായം ചേർക്കുകയാണ്. വായനയിൽ ഇരുണ്ട ആശയങ്ങൾ കുത്തിെവച്ചാണ് അവർ അറിവി​െൻറ മേഖലയിൽ മായം കലർത്തുന്നത്. സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവത മാസികയുടെ വരിക്കാരെ ചേർക്കുന്നതി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുകുന്ദൻ. അടുത്തായി ചരിത്രംപോലും തിരുത്തപ്പെടുകയാണ്. ഇതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. പത്രങ്ങൾ, മാസികകൾ, ടെലിവിഷൻ ചാനലുകൾ എന്നിവയൊക്കെ ഫാഷിസ്റ്റുകൾ ഉപയോഗിക്കുകയാണ്. സത്യത്തെ മാറ്റിമറിക്കുന്നതിനെതിരെയും വസ്തുതകൾ വളച്ചൊടിക്കുന്നതിനെതിരെയും ജാഗ്രത വേണം. എന്ത് പറയണം, എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് നഷ്ടമായിക്കൂട. വായന മരിച്ചെന്ന പ്രചാരണമാണ് ചുറ്റും കേൾക്കുന്നത്. എന്നാൽ, അതൊക്കെ അടിസ്ഥാനരഹിതമാണ്. അങ്ങനെയെങ്കിൽ പുസ്തകങ്ങളുടെ വിൽപന വൻതോതിൽ വർധിക്കില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. പുസ്തകങ്ങൾ കെട്ടിപ്പുണർന്ന് കിടന്നുറങ്ങിയ കൗമാരകാലം നമുക്കുണ്ടായിരുന്നു. നല്ല പുസ്തകങ്ങളെ അത്രയും സ്നേഹിച്ചിരുന്ന കാലമായിരുന്നു അത്. എന്നാൽ, കമ്പ്യൂട്ടറിനെയും ലാപ്ടോപ്പിനെയും നമുക്ക് കെട്ടിപ്പിടിച്ച് കിടന്നുറങ്ങാൻ കഴിയില്ല. അതാണ് പുസ്തകങ്ങളുമായുള്ള ആത്മബന്ധം. ആ ബന്ധത്തിലൂടെയാണ് നാം അറിവി​െൻറ പുതിയ മേഖലകളിലേക്ക് സഞ്ചരിക്കുന്നത്. പ്രകൃതിസ്നേഹം, ശുചിത്വം എന്നിവയിലൊക്കെ മലയാളികളുടെ കാഴ്ചപ്പാടിൽ പോരായ്മകളുണ്ട്. അതുകൂടി പരിഹരിക്കാൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും പ്രബുദ്ധരായ ജനതയായിരിക്കും നമ്മളെന്നും എം. മുകുന്ദൻ പറഞ്ഞു. യുവത മാസികയുടെ ആദ്യ വരിസംഖ്യ ശിൽപി ഉണ്ണി കാനായിയിൽനിന്ന് മുകുന്ദൻ ഏറ്റുവാങ്ങി. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അനുമോദിച്ചു. സിവിൽ സർവിസ് പരീക്ഷ റാങ്ക് ഹോൾഡർ അതുൽ ജനാർദനൻ, ക്ഷേമബോർഡ് അംഗം സന്തോഷ് കാല, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ജില്ല യൂത്ത് േപ്രാഗ്രാം ഓഫിസർ പി.സി. ഷിലാസ്, പി. പ്രണിത, ബിജു കണ്ടക്കൈ, ആർ.എസ്. കണ്ണൻ, സരിൻ ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.