പുനംകൃഷി പുനരുജ്ജീവിപ്പിച്ച്​ കടക്കെണിയിലായി കർഷകർ

ഇരിക്കൂർ: അന്യംനിന്നുപോയ പുനംകൃഷി പുനരുജ്ജീവിപ്പിച്ച് കടക്കെണിയിലായ കർഷകർക്ക് പറയാൻ ദുരിതകഥകളേറെ. പടിയൂർ പഞ്ചായത്തിലെ മണ്ണേരി വള്ളിക്കോത്ത് സ്ഥലം പാട്ടത്തിനെടുത്താണ് ടി.വി. കൃഷ്ണൻ, കെ. കുഞ്ഞിരാമൻ, ഒതയോത്ത് നാരായണൻ, കെ.പി. രാജീവൻ, കെ. പ്രദീപൻ എന്നിവർ പുനംകൃഷിയിറക്കിയത്. എന്നാൽ, കൃഷി വകുപ്പ്്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്ന് ഒരു സാമ്പത്തിക സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. ബാങ്കുകളിൽ വായ്പക്ക് ശ്രമിച്ചെങ്കിലും അതും ഇവർക്ക് കിട്ടിയില്ല. 150ലധികം സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരും കൂലി ലഭിക്കാതെ ദുരിതത്തിലാണ്. കൃഷിയിൽ ഏർപ്പെട്ട ഒാരോരുത്തർക്കും ആയിരത്തിലധികം രൂപ കൂലിയിനത്തിൽ കിട്ടാനുള്ളതായി സ്ത്രീ തൊഴിലാളികൾ പറയുന്നു. നാലുമാസം ഇവർ നടത്തിയ അധ്വാനവും പ്രതീക്ഷകളുമാണ് കടക്കെണി കാരണം ഇവിടെ തകർന്നടിയുന്നത്. എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് കൃഷിയിറക്കിയവരും ഇതിൽ ജോലി ചെയ്ത തൊഴിലാളികളും. കടക്കെണി കാരണം വിളവെടുക്കാതെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് കർഷകർ. കരപ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ, വനമേഖല എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി നിലനിന്നുപോന്നതും ഏകദേശം 30 വർഷത്തിനുശേഷം അന്യം നിന്നുപോവുകയും ചെയ്ത പുരാതന കൃഷിയാണ് പുനംകൃഷി. മിശ്ര കർഷക രീതിയാണിത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ പ്രത്യേകിച്ചും മലബാർ പ്രദേശത്ത് പൊതുവേയും വ്യാപകമായിരുന്നു. നിത്യ ഭക്ഷ്യവസ്തുക്കളിലെ മിക്ക ഇനങ്ങളും ഇൗ കൃഷിയിലുണ്ടെന്നതാണ് ഇതി​െൻറ പ്രത്യേകത. പൂർണമായും ജൈവവളം മാത്രം ചേർത്തുള്ള ശാസ്ത്രീയമായ കൃഷിരീതിയാണ് കർഷകർ ഇതിന് സ്വീകരിക്കാറ്. നെല്ല്, ചാമ, മുത്താറി, തിന, തുവര, പച്ചക്കറികൾ, വിവിധ പഴവർഗങ്ങൾ, കപ്പ, മധുരക്കിഴങ്ങ്, ചേന, ചേമ്പ് തുടങ്ങിയവയെല്ലാം ഇൗ കൃഷിയിൽ വിളവെടുക്കുന്നു. പച്ചക്കറിയിൽ പച്ചമുളക് അടക്കം പത്തിലധികം എണ്ണം കൃഷിയിനങ്ങളിൽപ്പെടുന്നു. മുൻകാലങ്ങളിൽ അഞ്ചു മുതൽ 25 ഏക്കർ വരെയുള്ള സ്ഥലങ്ങളിൽ പുനംകൃഷി വ്യാപിക്കാറുണ്ടെന്ന് പഴയകാല കർഷകർ ഒാർക്കുന്നു. മേടമാസത്തിൽ ഇറക്കുന്ന കൃഷി ആറുമാസം വരെ വിളവെടുക്കും. കൃഷിയെല്ലാം ഒന്നിച്ച് ഒരേ സ്ഥലത്താണ് ചെയ്യുക എന്നതാണ് പുനംകൃഷിയുടെ പ്രത്യേകത. ഒാരോന്നിനും വിളവെടുക്കാറാവുേമ്പാൾ അവ വിളവെടുത്ത് മറ്റുള്ളവയെ സംരക്ഷിക്കും. സാധാരണ നെൽപാടങ്ങളെ അപേക്ഷിച്ച് ഉയർന്ന പ്രദേശങ്ങളിൽ പൂർണമായും മഴവെള്ളത്തെ മാത്രം ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണിത്. മഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം മുഴുവൻ ഉപയോഗിക്കാൻ തക്കവണ്ണം ക്രമീകരിക്കുന്നതിലൂടെ കരനെൽ വിളവെടുത്താലും മറ്റു കൃഷികളെല്ലാം നിലനിൽക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.