പഴയങ്ങാടി: ബി.എസ്.എൻ.എൽ ഇൻറർനെറ്റ് സംവിധാനം താറുമാറാക്കി അജ്ഞാതകേന്ദ്രങ്ങളുടെ നുഴഞ്ഞുകയറ്റം. ഇതോടെ രാജ്യത്തെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ഇൻറർനെറ്റ് സംവിധാനം വ്യാഴാഴ്ച മുതൽ നിശ്ചലമായി. ഇൻറർനെറ്റ്ബന്ധം വിച്ഛേദിക്കപ്പെട്ട ഓരോ ഉപഭോക്താവും േബ്രാഡ്ബാൻഡ് മോഡം ബന്ധപ്പെട്ട എക്സ്ചേഞ്ചുകളിലെത്തിച്ച് റീസെറ്റ്ചെയ്താൽ മാത്രമേ ഇനി കണക്ഷൻ ലഭ്യമാവൂ. സംസ്ഥാനത്തെ മിക്ക എക്സ്ചേഞ്ചുകളിലും നൂറുകണക്കിന് മോഡങ്ങളാണ് ഇന്നലെ റീസെറ്റ് ചെയ്യാനെത്തിച്ചത്. സുരക്ഷാപിഴവ് മുതലെടുത്ത് അനധികൃത കടന്നുകയറ്റം നടത്തിയാണ് ഇൻറർനെറ്റ് സംവിധാനം നിശ്ചലമാക്കിയത്. എന്നാൽ, കടന്നുകയറ്റത്തെക്കുറിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് ഒരുപിടിയുമില്ലെന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തിൽ ബി.എസ്.എൻ.എൽ ഇൻറർനെറ്റ് സംവിധാനം നിലച്ചത്. വ്യാഴാഴ്ച ബി.എസ്.എൻ.എൽ ജീവനക്കാരുടെ പണിമുടക്കുണ്ടായിരുന്ന ദിവസമായതിനാൽ സമരത്തെ തുടർന്ന് മോഡം നിശ്ചലമായതെന്നാണ് പലരും കരുതിയിരുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ പരാതിയുമായി ബി.എസ്.എൻ.എൽ അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് അനധികൃത കടന്നുകയറ്റം വഴിയാണ് മോഡം നിശ്ചലമായെന്ന വിവരം ഉപഭോക്താക്കൾ അറിയുന്നത്. ഇൻറർനെറ്റ് സംവിധാനം തടസ്സപ്പെട്ട പലരും മോഡം റീസെറ്റ് ചെയ്യണമെന്ന് ഇനിയും അറിഞ്ഞിട്ടില്ല. ബി.എസ്.എൻ.എൽ വിതരണംചെയ്ത സിർമ, സൂപ്പർനെറ്റ്, ഡിജി സോൾ, ടി.പി. ലിങ്ക്, ഐ ബാൾ മോഡങ്ങളാണ് നിശ്ചലമായത്. മോഡങ്ങളിൽ പരിമിതമായ ബ്രാൻഡുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രവർത്തനരഹിതമായ മോഡം റീസെറ്റ്ചെയ്ത് വീണ്ടും യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് നവീകരിച്ചാണ് ബന്ധപ്പെട്ട എക്സ്ചേഞ്ചുകളിൽനിന്ന് ഉപഭോക്താക്കൾക്ക് തിരിച്ചുനൽകുന്നത്. എക്സ്ചേഞ്ചുകളിൽ ആവശ്യത്തിനുള്ള ജീവനക്കാരില്ലാത്തതിനാൽ വിരലിലെണ്ണാവുന്ന മോഡങ്ങൾ മാത്രമാണ് വെള്ളിയാഴ്ച റീസെറ്റ് ചെയ്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.