അഹ്മദ് പട്ടേലിനെ തോല്പിക്കാന് ബി.ജെ.പി നീക്കം സ്മൃതി ഇറാനിക്ക് രണ്ടാമൂഴം ഹസനുല്‍ ബന്ന ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര വാര്‍ത്താവിതരണ–പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി എന്നിവരെ ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ബി.ജെ.പി ഉന്നത നേതൃയോഗം തീരുമാനിച്ചു. ആഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് സ്വന്തംനിലക്ക് ജയസാധ്യതയുള്ള ഈ രണ്ടു സീറ്റുകള്‍ക്കു പുറമെ വിമത കോണ്‍ഗ്രസ് നേതാവും ആർ.എസ്.എസുകാരനുമായ ശങ്കര്‍ സിങ് വഗേലയുടെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേലിനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടി മൂന്നാമതൊരു സ്ഥാനാര്‍ഥിയെക്കൂടി നിര്‍ത്തിയേക്കുമെന്നാണ് സൂചന. ഗുജറാത്ത് നിയമസഭ അംഗവും മുൻ മന്ത്രിയുമായിരുന്ന അമിത് ഷാ ആദ്യമായാണ് പാര്‍ലമെൻറിലേക്ക് വരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച് തോറ്റ സ്മൃതി ഇറാനിക്ക് ഗുജറാത്തില്‍നിന്നുള്ള തുടര്‍ച്ചയായ രണ്ടാമത്തെ മത്സരമാണ്. അടുത്ത മാസം സ്മൃതിയുടെ കാലാവധി അവസാനിക്കാനിരിക്കുകയാണ്. ഈ വര്‍ഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ അതിന് മുന്നോടിയായി കോണ്‍ഗ്രസിന് കനത്ത ആഘാതമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേലിനെ തോല്പിക്കാന് അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി കച്ചമുറുക്കുന്നത്. മോദിയോട് ഉടക്കി ബി.ജെ.പി വിട്ട് 2006ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി മാറിയ ശങ്കര്‍ സിങ് വഗേല പാര്‍ട്ടിയോട് ഉടക്കിനില്‍ക്കുന്ന സമയമാണിത്. പത്രിക സമര്‍പ്പിക്കുംമുമ്പ് വഗേലയെ ചെന്നുകണ്ട അഹ്മദ് പട്ടേലിനോട് പിന്തുണക്കാമെന്ന് വഗേല ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യം വഗേലതന്നെ പരസ്യമാക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച വഗേലയെ പിന്തുണക്കുന്ന 11 എം.എൽ.എമാര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിന് വോട്ടുചെയ്തിരുന്നു. കോണ്‍ഗ്രസിന് ആകെയുള്ളത് 57 എം.എൽ.എമാരാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പുപോലെയല്ല രാജ്യസഭ തെരഞ്ഞെടുപ്പ് എന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് കൂറുമാറി വോട്ടുചെയ്താല്‍ പിടിക്കപ്പെടുമെന്ന് തങ്ങളുടെ എം.എൽ.എമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.