പോസ്​റ്റ്​ ഒാഫിസ്​ നിക്ഷേപതട്ടിപ്പ്: ഡിവൈ.എസ്​.പിയുടെ കീഴിൽ പ്രത്യേക അന്വേഷണസംഘം

ശ്രീകണ്ഠപുരം: പോസ്റ്റ് ഒാഫിസ് നിക്ഷേപത്തിൽനിന്ന് ഒരു കോടിയിലേറെ രൂപ മഹിളാപ്രധാൻ ഏജൻറ് തട്ടിയെടുത്തെന്ന കേസ് വീണ്ടും അന്വേഷിക്കാൻ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലി​െൻറ കീഴിൽ പുതിയ പൊലീസ് സംഘം. ചെമ്പേരി പോസ്റ്റ് ഒാഫിസിലെ മഹിളാപ്രധാൻ ഏജൻറ് മോളി ബെന്നി, ഭർത്താവ് ബെന്നി എന്നിവരെ പ്രതിചേർത്ത് കുടിയാന്മല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. നിരവധിപേരിൽനിന്ന് പോസ്റ്റ് ഒാഫിസ് നിക്ഷേപത്തിലേക്ക് സ്വരൂപിച്ച കോടിക്കണക്കിന് രൂപ മോളി ബെന്നി ഇടപാടുകാർക്ക് തിരിച്ചുനൽകാതെ തട്ടിയെടുത്തുവെന്നാണ് കേസ്. ഇരുപത്തഞ്ചോളം പരാതിക്കാരുണ്ടെങ്കിലും ഒരു കേസ് മാത്രം രജിസ്റ്റർ ചെയ്താണ് കുടിയാന്മല പൊലീസ് കേസ് അന്വേഷിച്ചത്. ഇത് ഏറെ വിവാദമാവുകയും കോടതിയുടെ വിമർശനത്തിനിടയാകുകയും ചെയ്തു. തുടർന്നാണ്, തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ കീഴിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് സംഭവം വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത്. ആലക്കോട് സി.ഐ ഇ.പി. സുരേശൻ, കുടിയാന്മല എസ്.ഐ സുരേന്ദ്രൻ കല്യാടൻ, പയ്യാവൂർ എസ്.ഐ എ. കുഞ്ഞിക്കണ്ണൻ, ആലക്കോട് എസ്.ഐ വിജയമണി, എ.എസ്.ഐമാരായ രമേശൻ, രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. നിരവധി സാധാരണക്കാരിൽനിന്ന് പോസ്റ്റ് ഒാഫിസ് നിക്ഷേപപദ്ധതിയിലേക്ക് സ്വരൂപിച്ച പണം തട്ടിയെടുത്ത് പലിശക്ക് നൽകിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഒട്ടേറെ പാസ്ബുക്കുകളും പൊലീസ് കണ്ടെടുത്തെങ്കിലും തപാൽവകുപ്പ് അധികൃതർ പ്രശ്നം ഗൗരവമായെടുക്കാനോ ഇടപാടുകാർക്ക് നിക്ഷേപത്തുക മടക്കിനൽകാനോ തയാറായിരുന്നില്ല. തട്ടിപ്പിനുപിന്നിൽ ഒത്തുകളി നടന്നതായി സംശയം ഉയർന്നതിനിടെയാണ് ഡിവൈ.എസ്.പി പുതിയ അന്വേഷണസംഘത്തിന് രൂപംനൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.