പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമഗ്ര പദ്ധതികൾ 31 മുതൽ റോഡിലെ പാർക്കിങ്​ നിരോധിക്കും അമിത വേഗതയും അനധികൃത പാർക്കിങ്ങും നിരോധിക്കാൻ സി.സി.ടി.വി കാമറകൾ സ്​ഥാപിക്കും

പഴയങ്ങാടി: പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമഗ്ര പദ്ധതികൾ നടപ്പാക്കും. ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചുേചർത്ത യോഗത്തിലാണ് പഴയങ്ങാടിയിലെ ഗതാഗതം സുഗമമാക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ തീരുമാനിച്ചത്. എരിപുരം മുതൽ പഴയങ്ങാടി ടൗൺ വരെ പൊലീസ് സ്ഥാപിച്ച എല്ലാ പാർക്കിങ് ബോർഡുകളും എടുത്തുമാറ്റാൻ തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സുധാകരൻ പൊലീസിന് നിർദേശം നൽകി. ജൂലൈ 31 മുതൽ എരിപുരം-പഴയങ്ങാടി റോഡി​െൻറ ഒരുവശത്തും പാർക്കിങ് അനുവദിക്കില്ല. തീരുമാനം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് പിഴ ഈടാക്കും. രാവിലെ എട്ടു മുതൽ 10.30 വരെയും വൈകീട്ട് മൂന്ന് മുതൽ 5.30 വരെയും കടകൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ടാലും പൊലീസ് നടപടിയെടുക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പഴയങ്ങാടി ബസ്സ്റ്റാൻഡ് പരിസരത്ത് പേ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചു രൂപയും മറ്റു വാഹനങ്ങൾക്ക് 10 രൂപയും ഈടാക്കും. അനധികൃത പാർക്കിങ്ങും മാലിന്യ നിക്ഷേപവും കണ്ടെത്തുന്നതിനും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനും പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ജങ്ഷൻ, പഴയങ്ങാടി ടൗൺ, ബീബി റോഡ് ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, മൊട്ടാമ്പ്രം എന്നിവിടങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കും. ഇതിനുള്ള തുക റോഡ് സുരക്ഷിതവുമായി ബന്ധപ്പെട്ട ഫണ്ടിൽ നിന്നോ എം.എൽ.എ ഫണ്ടിൽ നിന്നോ കണ്ടെത്തും. റെയിൽവേ സ്റ്റേഷ​െൻറ ഇരു ഭാഗങ്ങളിലും വാഹന പാർക്കിങ്ങിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 56 ലക്ഷം രൂപ വകയിരുത്തിയതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. പഴയങ്ങാടി ജി.എം.യു.പി സ്കൂൾ മുതൽ റെയിൽവേ അടിപ്പാലം മേഖലകളിൽ റോഡ് വീതികൂട്ടുന്നതിനായി വ്യാപാരികളുടെ സഹകരണത്തോടെ കെട്ടിടങ്ങൾക്ക് മാറ്റം വരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനാവശ്യമായ പരിരക്ഷ വ്യാപാരികൾക്കും കെട്ടിടമുടമകൾക്കും നൽകുന്നതിനായുള്ള ശ്രമങ്ങൾക്കായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. മാടായി പഞ്ചായത്ത് ഹാളിൽ പൊലീസുദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, വിവിധ വകുപ്പ് മേധാവികൾ, വ്യാപാര സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക, തൊഴിലാളി സംഘടനകൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. യോഗം ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴോം പഞ്ചായത്ത് പ്രസിഡൻറ് ഡി.വിമല അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സുധാകരൻ, പി.ഒ.പി. മുഹമ്മദലി ഹാജി(മാടായി പഞ്ചായത്ത് മുൻ പ്രസിഡൻറ്), വി.വിനോദ് (സി.പി.എം), സുധീർ വെങ്ങര (കോൺഗ്രസ്), എ.കെ. ഗോവിന്ദൻ (ബി.ജെ.പി), എ.പി. ബദറുദ്ദീൻ(എസ്.ടി.യു), പി.എം. ഹനീഫ് (മുസ്ലിം ലീഗ്), പി.വി.അബ്ദുല്ല (വ്യാപാരി വ്യവസായി ഏകോപന സമിതി), സി.വി.കുഞ്ഞിരാമൻ (ഏഴോം പഞ്ചായത്ത് മുൻ പ്രസിഡൻറ്) എന്നിവർ സംസാരിച്ചു. മാടായി പഞ്ചായത്ത് പ്രസിഡൻറ് എസ്.കെ.ആബിദ സ്വാഗതവും സബ് ഇൻസ്പെക്ടർ പി.ബി.സജീവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.