കണ്ണൂർ: മുസ്ലിം യൂത്ത് ലീഗ് മുൻ ജില്ല പ്രസിഡൻറ് മൂസാൻകുട്ടി നടുവിലും അമ്പതോളം ലീഗ് പ്രവർത്തകരും സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. നടുവിലും പരിസരപ്രദേശങ്ങളിലുമുള്ള അമ്പതോളം പേരോടൊപ്പം സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിലെത്തി ജില്ല സെക്രട്ടറി പി. ജയരാജനെ കണ്ടശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മൂസാൻകുട്ടി ഇക്കാര്യമറിയിച്ചത്. മൂസാൻകുട്ടി നടുവിലിെനയും സഹപ്രവർത്തകരെയും സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്യുന്നതായും പാർട്ടിയിലേക്ക് വരുന്നവരെ സ്വീകരിക്കുന്നതിനായി 27ന് കണ്ണൂരിലും 29ന് നടുവിലും സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു. 27ന് വൈകീട്ട് അഞ്ചിന് സ്റ്റേഡിയം കോർണറിൽ നടക്കുന്ന സ്വീകരണസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ല പ്രസിഡൻറായിരിക്കെ പുറത്തീൽ പള്ളിയിൽ നടന്ന ധനാപഹരണ സംഭവത്തിലുൾപ്പെട്ട മുൻ യൂത്ത് ലീഗ് സംസ്ഥാന ഉപഭാരവാഹികൂടിയായ നേതാവിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുയർത്തിയതോടെയാണ് മൂസാൻകുട്ടി ലീഗുമായി അഭിപ്രായഭിന്നതയിലായത്. ഇതേ നേതാവിനെതിരെ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തുകയും ചെയ്തതോടെ ഭിന്നത രൂക്ഷമായി. തുടർന്നാണ് മൂസാൻകുട്ടി യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് സ്ഥാനം രാജിവെച്ചത്. മൂസാൻകുട്ടി രാജിപ്രഖ്യാപനം നടത്തിയശേഷം ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി മുസ്ലിം ലീഗ് വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതിനുശേഷം പാർട്ടിയുമായി നിരവധി തവണ അനൗദ്യോഗിക ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. പണാപഹരണ കേസിൽ പ്രതിചേർക്കപ്പെട്ട് തടവറയിലായ ആളെ പാർട്ടിയോടൊപ്പം നിർത്തുന്ന നിലപാടിൽ മുസ്ലിം ലീഗ് നേതൃത്വം ഉറച്ചുനിന്നതാണ് സി.പി.എമ്മിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാഹചര്യമുണ്ടാക്കിയതെന്ന് മൂസാൻകുട്ടി പറഞ്ഞു. നടുവിൽ പഞ്ചായത്തിലെ വിളക്കന്നൂർ ശാഖയിലെ സെക്രട്ടറി, പ്രസിഡൻറ് ഉൾെപ്പടെയുള്ള പ്രവർത്തകരാണ് മൂസാൻകുട്ടിയോടൊപ്പം സി.പി.എമ്മിൽ ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.