ബി.ജെ.പി ദേശീയ കൗൺസിലി​െൻറ മറവിലും നേതാക്കൾ കീശ വീർപ്പിച്ചു

കോഴിക്കോട്: ജില്ലയിൽ നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലി​െൻറ മറവിലും നേതാക്കൾ കീശ വീർപ്പിച്ചതായി പരാതി. ഇതു സംബന്ധിച്ച് പാർട്ടി നടത്തിയ അന്വേഷണത്തി​െൻറ വിവരങ്ങൾ പുറത്തുവന്നു. മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എം.ടി. രമേശി​െൻറ അടുത്ത അനുയായിയായ സംസ്ഥാന സമിതിയംഗം ദേശീയ കൗണ്‍സിലി​െൻറ പേരില്‍ വ്യാജ രസീതികള്‍ അടിച്ച് പണപ്പിരിവ് നടത്തിയതി​െൻറ വിവരങ്ങളാണ് അറിവായിരിക്കുന്നത്. ഒരു കോടിയില്‍പരം രൂപയുടെ അഴിമതി ആരോപിക്കപ്പെട്ട സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തിയെങ്കിലും ആർക്കെതിരെയും നടപടിയെടുക്കാതെ പ്രശ്നം ഒതുക്കിയെന്നാണ് ജില്ലയിലെ ഒരുവിഭാഗം നേതാക്കൾ പറയുന്നത്. ഇവർ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സമ്മേളനത്തി​െൻറ സാമ്പത്തിക കാര്യ ചുമതല വഹിച്ചിരുന്ന ദേശീയ ജോയൻറ് ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, മുൻ സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ എന്നിവരിൽനിന്ന് കേന്ദ്ര നേതൃത്വം വരുംദിവസങ്ങളിൽ വിവരങ്ങൾ ആരായുമെന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബറിലാണ് ബി.ജെ.പി ദേശീയ കൗൺസിൽ അത്യാഡംബരമായി കോഴിക്കോട് സ്വപ്നനഗരിയിലും കടവ് റിസോർട്ടിലുമായി നടന്നത്. അഞ്ചുകോടി രൂപയായിരുന്നു ഇതി​െൻറ ചെലവ് കണക്കാക്കിയിരുന്നത്. സമ്മേളനത്തി​െൻറ പേരിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് വൻതോതിൽ പിരിവ് നടത്തിയിരുന്നു. ഇതിനു പുറമെ ഉത്തരവാദപ്പെട്ടവർ അറിയാതെ പലയിടങ്ങളിലും പിരിവ് നടന്നതായാണ് ആരോപണം ഉയർന്നത്. ഒരു സംസ്ഥാന സമിതിയംഗത്തി​െൻറ നിർദേശ പ്രകാരം വടകര എടോളിയിലെ പ്രസിൽ വ്യാജ രസീതുകള്‍ അച്ചടിച്ച് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തത്രെ. സംഭവം പാര്‍ട്ടിവേദികളിൽ ചർച്ചയാവുകയും ചിലർ ഇതി​െൻറ പേരിൽ കലാപക്കൊടി ഉയർത്തുകയും ചെയ്തതോടെ ഉത്തരമേഖല ഓര്‍ഗനൈസിങ് സെക്രട്ടറിയെ കുമ്മനം രാജശേഖരൻ അന്വേഷണത്തിന് നിയോഗിച്ചു. യഥാർഥ രസീതിയുടെ ചിത്രം വാട്സ്ആപ്പിലൂടെ നല്‍കി അതുപോലെ അച്ചടിക്കാൻ സംസ്ഥാന സമിതി അംഗം നിർദേശം നല്‍കിയതായി പ്രസ് ഉടമ കമീഷന് മൊഴി നൽകി. ഇൗ മൊഴി പുറത്തുവന്നത് ചില നേതാക്കൾ തമ്മിലെ മുറുമുറുപ്പിന് ഇടയാക്കി. ഇതോടെ കമീഷനെ മാറ്റണമെന്ന ആവശ്യവും ഉയർന്നു. തുടർന്ന് സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെ അന്വേഷണം ഏല്‍പിച്ചു. എന്നാൽ, സംഭവം പിന്നീട് ഒതുക്കിത്തീർത്തതിനാലാണ് കേന്ദ്ര നേതൃത്വത്തി​െൻറ ശ്രദ്ധയിലേക്ക് പാർട്ടിയിലെ ഒരുവിഭാഗം കൊണ്ടുവന്നത്. –സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.