സൗദിയിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ മലയാളി മരിച്ചു

–പ്രതികളായ യമനികൾ പിടിയിൽ റിയാദ്: പലചരക്ക് കടയിൽ (ബഖാല) കവർച്ചക്കാർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. റിയാദ് അസീസിയ എക്സിറ്റ് 22ലെ കടയിൽ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി അങ്ങമ്മ​െൻറ പുരക്കൽ സിദ്ദീഖാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കടയിലെത്തിയ രണ്ടുപേർ ആയുധവും മറ്റും കൊണ്ട് അക്രമിക്കുകയായിരുന്നു. കവർച്ച തടയാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റത്. ഇൗ സമയം കടയിൽ മറ്റാരുമുണ്ടായിരുന്നില്ല. രക്തംവാർന്ന് അവശനായി അരമണിക്കൂറോളം കിടന്ന സിദ്ദീഖിനെ പൊലീസും റെഡ്ക്രസൻറും എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അൽഇൗമാൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും വൈകീട്ട് അഞ്ചോടെ മരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ എത്തിയ സ്പോൺസർ അടുത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിന് കൈമാറി. ദൃശ്യങ്ങളിൽനിന്ന് കവർച്ചക്കാർ വന്ന വാഹന നമ്പർ കണ്ടെത്തിയത് സഹായമായി. തുടർന്ന് പൊലീസ് ഉൗർജിത തെരച്ചിൽ നടത്തി ശനിയാഴ്ച പുലർച്ചെ അഞ്ചോടെ പ്രതികളെന്ന് കരുതുന്ന രണ്ട് യമനികളെ വാഹനമടക്കം പിടികൂടി. ഇവർ അസീസിയ പൊലീസ് സ്റ്റേഷനിലാണുള്ളത്. അൽഇൗമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് അറിയുന്നു. 20 വർഷമായി ഇതേ കടയിൽ ജീവനക്കാരനാണ് സിദ്ദീഖ്. ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയത്. ഭാര്യ: അനീഷ. മക്കൾ: റിയാദ്, സാബിത്, സഹറ. പിതാവ്: മുഹമ്മദ്, മാതാവ്: ചെറിയ ബീവി. സഹോദരങ്ങൾ: ബഷീർ (റിയാദ്), സക്കരിയ, ഇസ്മാഇൗൽ, ഹഫ്സ, ആരിഫ. മരണാനന്തര നിയമനടപടികൾ സഹോദരൻ ബഷീറി​െൻറയും അയൽവാസി അബ്ദു പഞ്ചാരയുടെയും നേതൃത്വത്തിൽ നടക്കുന്നു. saudideathsideeq.jpg സിദ്ദീഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.