തകർന്ന തലശ്ശേരി^കുടക് പാത പുന:സ്​ഥാപിക്കാൻ നടപടി തുടങ്ങി

തകർന്ന തലശ്ശേരി-കുടക് പാത പുന:സ്ഥാപിക്കാൻ നടപടി തുടങ്ങി ഇരിട്ടി: തലശ്ശേരി-കുടക് അന്തർസംസ്ഥാന പാതയിൽ പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപം തകർന്ന റോഡ് പുന:സ്ഥാപിക്കാൻ നടപടി തുടങ്ങി. 30 മീറ്റർ നീളത്തിൽ പാത ഒലിച്ചുപോയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. കുടക് ജില്ല ഭരണകൂടം ഇടപെട്ട് അടിയന്തരമായി പാത പുന:സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതി​െൻറ ഭാഗമായി മടിക്കേരി പൊതുമരാമത്ത് അസി. എൻജിനീയറുടെ നേതൃത്വത്തിൽ ഉന്നതതല സംഘം പ്രദേശത്ത് പരിശോധന നടത്തി. തടാകത്തിലെ വെള്ളം കുറയുന്നതനുസരിച്ച് നിർമാണ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനം. തടാകത്തി​െൻറ അരികിൽ വലിയ കല്ലുകൾ നിരത്തി പൈപ്പുകൾ സ്ഥാപിച്ച് താൽക്കാലിക സംവിധാനം ഒരുക്കാനാണ് തീരുമാനം. ഇതിനുള്ള നിർമാണ സാമഗ്രികൾ ശനിയാഴ്ച മുതൽ എത്തിക്കും. ഒരാഴ്ചക്കുള്ളിൽ താൽക്കാലിക സംവിധാനം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ പ്രഭു പറഞ്ഞു. പ്രദേശത്തേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ കർണാടക പൊലീസ് മുന്നറിയിപ്പ് ബോർഡും വേലിയും സ്ഥാപിച്ചിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അന്തർസംസ്ഥാന പാത തകർന്നത് ഗതാഗത സ്തംഭനത്തിന് കാരണമായിരിക്കുകയാണ്. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലുള്ളവർക്ക് കുടകുമായുള്ള ബന്ധം പൂർണമായും അറ്റ നിലയിലാണ്. മാനന്തവാടി-കാട്ടിക്കുളം-കുട്ട വഴിയാണ് വീരാജ്പേട്ടയിലേക്ക് ബദൽ മാർഗമുള്ളത്. ഇതുവഴി 100 കിലോമീറ്ററോളം അധികം സഞ്ചരിക്കണം. പൊതുമരാമത്ത് അസി. എൻജിനീയർ സുരേഷ്, വീരാജ്പേട്ട വാർഡ് അംഗം ഷീബ, കുടക് എം.എൽ.സി വീണ അച്ചയ്യ, ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷിബു മാതപ്പ, റോഡ് ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് പ്രിത്യുനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.