ബസുകളുടെ മത്സരയോട്ടം; കർശന നടപടിയുമായി പൊലീസ്

ശ്രീകണ്ഠപുരം: വേഗപ്പൂട്ട് പോലും ഘടിപ്പിക്കാതെ അമിതവേഗത്തിലോടുന്ന ബസുകൾക്കെതിരെയും ടിപ്പർലോറികൾക്കെതിരെയും കർശന നടപടിയുമായി പൊലീസ്. മത്സരയോട്ടവും അപകടങ്ങളും വർധിച്ച സാഹചര്യത്തിൽ തളിപ്പറമ്പ് പൊലീസ് സബ്ഡിവിഷന് കീഴിലെ മുഴുവൻ സ്‌റ്റേഷനുകളുടെയും പരിധിയിൽ കർശന വാഹന പരിശോധന തുടങ്ങിയതായി ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ അറിയിച്ചു. മഴക്കാലം തുടങ്ങിയശേഷം ജില്ലയിലെ മലയോരമേഖലയിലടക്കം നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. ബസുകൾ മത്സരയോട്ടം നടത്തി കൂട്ടിയിടിച്ചതും നിയന്ത്രണംവിട്ട വണ്ടികൾ വൈദ്യുതി തൂണുകളിലും മതിലുകളിലും ഇടിച്ചതും ഉൾപ്പെടെ അപകടപരമ്പര തന്നെയുണ്ടായി. നിരവധി ജീവൻ റോഡിൽ പൊലിയുകയും ഒട്ടേറെ യാത്രികർക്ക് സാരമായി പരിക്കേൽക്കുകയുംചെയ്തു. ലഹരിവസ്തുക്കൾ ഉപയോഗിച്ചും മൊബൈൽഫോണിൽ സംസാരിച്ചും വണ്ടിയോടിക്കുന്ന ഡ്രൈവർമാരാണ് ഏറെയും അപകടം ക്ഷണിച്ചു വരുത്തുന്നത്. വേഗപ്പൂട്ട് ഘടിപ്പിക്കാതെ മത്സരയോട്ടം നടത്തുന്ന ചില ബസുകളും അപകടങ്ങൾ വരുത്തിയിട്ടുെണ്ടന്ന് പൊലീസ് അറിയിച്ചു. വേഗപ്പൂട്ട് വാങ്ങി വണ്ടിയിൽ ഉറപ്പിച്ചെങ്കിലും കണക്ഷൻ നൽകാത്തതിനാൽ അമിതവേഗതക്ക് കുറവുണ്ടായില്ല. ബസ്സ്റ്റാൻഡുകളിലും മറ്റും കേന്ദ്രീകരിച്ച് വ്യാഴാഴ്ച മുതൽ പൊലീസ് സ്വകാര്യ ബസുകളുടെ രേഖകളും മറ്റും പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്. വരും ദിനങ്ങളിലും പരിശോധനയും നടപടികളും തുടരും. വേഗപ്പൂട്ട്, എമർജൻസി വാതിൽ, ഫസ്റ്റ് എയ്ഡ് എന്നിവപോലും മിക്ക ബസുകളിലും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പൊലീസിനു പിന്നാലെ മോട്ടോർ വാഹനവകുപ്പി​െൻറ പരിശോധനയും ഉണ്ടാകുമെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.