കാനാമ്പുഴയിൽ കുറുവ ഭാഗത്ത്​ മാലിന്യം കെട്ടിക്കിടക്കുന്നു

കണ്ണൂർ സിറ്റി: കാനാമ്പുഴയിലേക്ക് മാലിന്യം വലിെച്ചറിയുന്നത് കുറുവഭാഗത്ത് പുഴയിലും പുഴയോരത്തും മാലിന്യം കെട്ടിക്കിടക്കുന്നതിനിടയാക്കുന്നു. കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ കോർപറേഷൻ അധികൃതരോ ആരോഗ്യ വിഭാഗമോ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായി. പൊതുജനങ്ങൾക്ക് ദുരിതം വിതക്കുന്ന രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ പോലുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാലങ്ങളിലൂടെ മാലിന്യം വലിച്ചെറിയുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കോർപറേഷൻ മുൻകൈയെടുത്ത് നിരീക്ഷണകാമറ പോലുള്ള സംവിധാനങ്ങൾ നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. രാത്രിയിൽ വാഹനങ്ങളിൽ എത്തുന്നവർ പാലത്തിനടുത്തെത്തുമ്പോൾ പാലത്തിന് മുകളിൽ നിന്നും മാലിന്യം കൈവരിയിലൂടെ വലിച്ചെറിയുകയാണ്. മറ്റു പ്രദേശത്തുനിന്നുകൂടി മാലിന്യം തള്ളാൻ ആളുകൾ ഇവിടെയെത്തുന്നതായും പരാതിയുണ്ട്. ഭക്ഷണാവശിഷ്ടവും മാംസാവശിഷ്ടവും കൂടി നിക്ഷേപിക്കുന്നതിനാൽ പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്. പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇവിടെ മാലിന്യം തള്ളുന്നത്. ഈ ഭാഗങ്ങളിൽ കൊതുക് ശല്യം വർധിച്ചതോടെ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് മാസങ്ങൾക്കുമുമ്പ് കാടുകൾ വെട്ടിത്തെളിക്കുകയും ദുർഗന്ധം വമിക്കുന്ന മാലിന്യം നീക്കുകയും ചെയ്തിരുന്നു. വീണ്ടും മാലിന്യം വലിച്ചെറിഞ്ഞു തുടങ്ങിയതോടെയാണ് പുഴ മലിനമായത്. റോഡിൽ മാലിന്യം ഉപേക്ഷിച്ച് പോകുന്നതിനാൽ തെരുവ് നായ്ക്കളും കന്നുകാലികളും ഇവിടെ താവളമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.