മംഗളൂരു ജയിലിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ മരിച്ചു

മഞ്ചേശ്വരം: കഞ്ചാവ് കടത്തുകേസിൽ റിമാൻഡിലായിരുന്ന കാസർകോട് സ്വദേശി മംഗളൂരു സബ്ജയിലിൽ മരിച്ചു. കുമ്പള നായ്ക്കാപ്പിലെ ഉദയൻ (32) ആണ് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മംഗളൂരു സർക്കാർ വെൻലോക് ആശുപത്രിയിൽ മരിച്ചത്. പനി ബാധിച്ച് മരിച്ചതായാണ് ജയിൽ അധികൃതരുടെ വിശദീകരണം. എന്നാൽ, സഹതടവുകാരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതിനെ തുടർന്ന് മരിച്ചതായാണ് വിവരം. കൊലപാതകം സംബന്ധിച്ച ചോദ്യത്തിൽനിന്നും ഒഴിഞ്ഞുമാറിയ അധികൃതർ മരണം നടന്നിട്ടില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്. പിന്നീട് കൊലപാതകം അല്ലെന്നും പനി ബാധിച്ചു മരണപ്പെട്ടെന്നും ഔദ്യോഗിക വിശദീകരണം നൽകുകയായിരുന്നു. ബജ്‌റംഗ്ദൾ പ്രവർത്തകനായ ഉദയനും മറ്റു രണ്ടു സുഹൃത്തുക്കളും അഞ്ചു മാസം മുമ്പാണ് അറസ്റ്റിലായത്. കോടതി റിമാൻഡ് ചെയ്ത മൂന്നുപേരും മംഗളൂരു സബ്ജയിലിൽ കഴിയുകയായിരുന്നു. ജയിലിലെ മറ്റു സെല്ലുകളിൽ കഴിയുകയായിരുന്ന സംഘ്പരിവാർ പ്രവർത്തകരും ഉദയനും കൂട്ടരും തമ്മിൽ നിരന്തരം സംഘർഷം ഉണ്ടായിരുന്നതായാണ് വിവരം. കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കൂട്ടുപ്രതികളായ മറ്റു രണ്ടു പേർ ജയിൽ മോചിതരായെങ്കിലും ഉദയനെ ജാമ്യത്തിൽ എടുക്കാൻ ബന്ധുക്കൾ തയാറാവാത്തതിനാൽ ഇയാളുടെ മോചനം നീണ്ടുപോവുകയായിരുന്നു. ഇതിനിടെ, ഇയാളുമായി സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന എതിർസംഘം വെള്ളിയാഴ്ച വൈകീട്ട് ആക്രമിച്ചുവെന്നാണ് ജയിലിലെ മറ്റ് സെല്ലുകളിൽ നിന്ന് പുറത്തുവന്ന അനൗേദ്യാഗിക വിവരം. ഇയാളെ മംഗളൂരു സർക്കാർ വെൻലോക് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. മംഗളൂരു ജയിലിൽ മലയാളി തടവുകാർക്കെതിരെ അക്രമം പതിവാണ്. കഴിഞ്ഞ ദിവസം ഉപ്പള അട്ടഗോളി സ്വദേശി മുഹമ്മദ് റഫീഖിനുനേരെ ഒരു സംഘം അക്രമം നടത്തിയിരുന്നു. ഗുരുതര പരിക്കേറ്റ റഫീഖിനെ ചികിത്സക്ക് വിധേയമാക്കിയെങ്കിലും അക്രമികൾക്കെതിരെ നടപടിയെടുക്കാൻ ജയിലധികൃതർ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.