ചികിത്സ കാത്ത്​ തയ്യിൽ പി.എച്ച്​.സി

കണ്ണൂർ സിറ്റി: ദിവസവും 250 ലേറെ രോഗികളെത്തുന്ന തയ്യിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മതിയായ സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധം. ലക്ഷങ്ങൾ മുടക്കി വിശാലമായ പുതിയ കെട്ടിടം പ്രവർത്തന സജ്ജമായിട്ടും തുറന്നുനൽകാത്തത് ദുരിതം വർധിപ്പിക്കുന്നു. തയ്യിൽ മൈതാനപ്പള്ളിയിലെ ആരോഗ്യ കേന്ദ്രം അംഗൻവാടി കെട്ടിടത്തിന് മുകളിലുള്ള ഇടുങ്ങിയ റൂമിലാണ് പ്രവർത്തിച്ചുവരുന്നത്. രോഗികൾ ഊഴംകാത്തു മണിക്കൂറുകളോളം നിൽക്കേണ്ടത് ഇടുങ്ങിയ ഹാളിലാണ്. സ്ഥല പരിമിതിമൂലം മരുന്നുകൾ കാർഡ്ബോർഡ് പെട്ടികളിലാക്കി രോഗികളുടെ വെയ്റ്റിങ് ഹാളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. സ്‌പെഷലിസ്റ്റ് അടക്കം നാലു ഡോക്ടർമാരാണ് ജോലി ചെയ്തുവരുന്നത്. രണ്ടു ഷിഫ്റ്റുകളിലായി എത്തുന്ന നാലു ഡോക്ടർമാർക്കും കൂടി നിന്നുതിരിയാനിടമില്ല. ആവശ്യമായ നഴ്സിങ് സ്റ്റാഫും ഇവിടെയില്ലാത്തത് രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. കിടത്തി പരിശോധനക്ക് ഒരു ബെഡ് മാത്രമാണുള്ളത്. ചികിത്സതേടിയെത്തുന്ന രോഗികളെ കിടത്തി പരിശോധിക്കണമെങ്കിൽ ബെഡിന് മുകളിൽ ടിഫിൻ ബോക്സിൽ സൂക്ഷിക്കുന്ന മരുന്ന് എടുത്തുമാറ്റിയിട്ട് വേണം. സൗകര്യംകുറഞ്ഞ മറ്റൊരു മുറിയിലാണ് മെഡിക്കൽ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. കുറുവ, സിറ്റി, മരക്കാർകണ്ടി, ആദികടലായി, ഉരുവച്ചാൽ, തോട്ടട, ആറ്റടപ്പ, താഴെചൊവ്വ തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള മിക്ക ആളുകളും ഈ ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ആരോഗ്യ കേന്ദ്രത്തിനുവേണ്ടി തീരദേശ വികസന കോർപറേഷൻ നിർമിച്ചുനൽകിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അടങ്ങിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായെങ്കിലും പലവിധത്തിലുള്ള കാര്യങ്ങൾ നിരത്തി ഉദ്‌ഘാടനം നീട്ടിക്കൊണ്ടുപോകുന്ന അവസ്ഥയാണ്. ഉദ്ഘാടനത്തിന് സജ്ജമായെന്നറിയിച്ചുകൊണ്ട് മരുന്നടക്കമുള്ള സാധനങ്ങൾ മാറ്റാൻ ആരോഗ്യ കേന്ദ്രത്തിന് താക്കോൽ നൽകുകയും തുടർന്ന് മരുന്നും സാധനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അധികൃതർ മരുന്ന് അടക്കം ഉള്ളിൽവെച്ച് പൂട്ടി താക്കോൽ തിരിച്ചുവാങ്ങി കൊണ്ടുപോവുകയായിരുന്നു. ആ കെട്ടിടത്തിൽ സൂക്ഷിച്ച മരുന്ന് എടുക്കണമെങ്കിൽ ബുദ്ധിമുട്ട് ഏറെയാണ്. 95 ലക്ഷം രൂപ മുടക്കി കെട്ടിടം പണി മുഴുവനും പൂർത്തിയാക്കി കാടുകയറാൻ വിട്ടുകൊടുത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.