പൊലീസ് പിടികൂടുന്ന വാഹനങ്ങൾ ഇനി കുറുമാത്തൂരിലെ ഡംബിങ്​ ഗ്രൗണ്ടിൽ

തളിപ്പറമ്പ്: തളിപ്പറമ്പ് സബ് ഡിവിഷനൽ പരിധിയിലെ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിർത്തിയിട്ട വാഹനങ്ങള്‍ നീക്കംചെയ്യാന്‍ കുറുമാത്തൂരില്‍ ഡംബിങ് ഗ്രൗണ്ട് ഒരുങ്ങുന്നു. പിടികൂടിയ വാഹനങ്ങള്‍ പൊലീസിനും പരാതികളുമായി ബന്ധപ്പെട്ടെത്തുന്ന പൊതുജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായതോടെയാണ് പ്രശ്‌നത്തിന് പരിഹാരം തേടിയത്. കഴിഞ്ഞവർഷം പൊലീസ് സ്റ്റേഷൻവളപ്പിലെ ചപ്പുചവറുകൾക്ക് തീപിടിച്ച് ചില വാഹനങ്ങൾക്ക് തീപിടിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ പല കേസുകളിലായി നിരവധി വാഹനങ്ങളാണ് പിടിച്ചിട്ടിരിക്കുന്നത്. പല സ്റ്റേഷനിലും വാഹനങ്ങൾ ഒന്നിനുമീതെ ഒന്നായി അട്ടിയിട്ടിരിക്കുകയാണ്. വാഹനങ്ങളുടെ ആധിക്യംമൂലം പൊലീസ് വാഹനങ്ങളടക്കം സ്റ്റേഷന്‍വളപ്പിന് പുറത്ത് നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും മണല്‍ലോറികളാണ്. സ്ഥലപരിമിതിമൂലം പരേഡുകള്‍ക്ക് പൊലീസിന് സമീപത്തെ സ്‌കൂള്‍ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥ വന്നതോടെയാണ് തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരന്‍ മുന്‍കൈയെടുത്ത് പ്രശ്‌നം റവന്യൂമന്ത്രി, കലക്ടര്‍, ജില്ല പൊലീസ് മേധാവി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയില്‍തന്നെ ഒഴിഞ്ഞുകിടക്കുന്ന റവന്യൂ ഭൂമി കണ്ടെത്തി മുള്ളുകമ്പി വേലികെട്ടി വാഹനങ്ങള്‍ അവിടേക്ക് മാറ്റാന്‍ കലക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാനപാതയില്‍ കുറുമാത്തൂര്‍ വില്ലേജിലെ വെള്ളാരംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലം കണ്ടെത്തി. ഡംബിങ് ഗ്രൗണ്ട് ഒരുക്കുന്നതിന് താല്‍ക്കാലികമായി വിട്ടുനല്‍കാനുള്ള നടപടി സ്വീകരിക്കുകയുംചെയ്തു. ഇവിടെ പൊലീസ് കാവലേര്‍പ്പെടുത്തുന്നതിനായുള്ള കെട്ടിടത്തി​െൻറ പണി പൂര്‍ത്തിയായിവരുകയാണ്. വിവിധ കേസുകളില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പനയത്താംപറമ്പിലെ ഡംബിങ് ഗ്രൗണ്ടില്‍ എത്തിക്കുന്നതിന് വന്‍തുക ചെലവു വന്നതോടെ വാഹനങ്ങള്‍ സ്റ്റേഷന്‍വളപ്പില്‍തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുതിയ ഡംബിങ് ഗ്രൗണ്ട് നിലവില്‍ വരുന്നതോടെ നിരവധികാലമായി അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് തളിപ്പറമ്പിലെ പൊലീസുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.