പച്ചക്കറിക്ക്​ വില കുതിച്ചുകയറി

കാസർകോട്: ജി.എസ്.ടി ബാധിക്കില്ലെങ്കിലും പച്ചക്കറി വിപണിയെയും വിലക്കയറ്റം ബാധിച്ചു. നിത്യോപയോഗത്തിന് വേണ്ടിവരുന്ന മിക്ക പച്ചക്കറി ഉൽപന്നങ്ങൾക്കും ഒരുമാസം മുമ്പ് ഉണ്ടായതിനെക്കാൾ ഇരട്ടിയോളം വിലകയറി. ജൂണിൽ കിലോഗ്രാമിന് 18 മുതൽ 20 രൂപവരെ നിരക്കിൽ ചില്ലറവിൽപന നടത്തിയിരുന്ന തക്കാളിക്ക് കാസർകോട് മാർക്കറ്റിൽ 55 മുതൽ 60 രൂപ വരെയായിരുന്നു തിങ്കളാഴ്ചത്തെ വില. ജൂണിൽ 40 രൂപക്ക് കിട്ടിയിരുന്ന മുരിങ്ങക്കായക്ക് 70 രൂപയായി. 30 രൂപക്ക് ലഭിച്ചിരുന്ന പച്ചമാങ്ങക്ക് 60 രൂപയും 30 രൂപയുണ്ടായിരുന്ന നെല്ലിക്കക്ക് 120 രൂപയുമായി. ചെറിയ ഉള്ളി 130, കാരറ്റ് 80, ചേന 60, വെണ്ടക്ക 40, കോളിഫ്ലവർ 40, വഴുതന 30, പച്ചമുളക് 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. ഒരേ ഇനത്തിന് വെവ്വേറെ കടകളിൽ വ്യത്യസ്ത വിലയീടാക്കുന്ന സ്ഥിതിയുമുണ്ട്. സാധനങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. കർണാടകയിൽനിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറിയെത്തുന്നത്. തക്കാളിയുടെ പ്രധാന ഉൽപാദനകേന്ദ്രമായ ചിക്കമഗളൂരുവിൽ ഡൽഹി, ചണ്ഡിഗഢ് എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുന്നതുകൊണ്ട് ഡിമാൻഡ് വർധിച്ചതും വില ഉയരാൻ കാരണമായതായി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.