റോഡിൽ അടയാളപ്പെടുത്താത്തത്​ ബുദ്ധിമുട്ടുണ്ടാക്കുന്നു

ശ്രീകണ്ഠപുരം: അപകടം കുറക്കാൻ ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷനിൽ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചെങ്കിലും റോഡിൽ വാഹനങ്ങൾ നിർത്തുന്നതിനായുള്ളയിടം അടയാളപ്പെടുത്താത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അപകടങ്ങൾ നിത്യസംഭവമായതോടെയാണ് കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽനിന്നും അനുവദിച്ച 12 ലക്ഷംരൂപ കൊണ്ട് ട്രാഫിക് സിഗ്നൽ ലൈറ്റ് ഒരുക്കിയത്. കെൽട്രോണിനായിരുന്നു നിർമാണ ചുമതല. നല്ല രീതിയിൽ ട്രാഫിക് ലൈറ്റ് ഒരുക്കി ഉദ്ഘാടനം നടത്തിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും റോഡിൽ വരഞ്ഞ് അടയാളപ്പെടുത്താനോ പഴയ ഡിവൈഡറി​െൻറ ബാക്കിഭാഗം നീക്കാനോ അധികൃതർ തയാറായിട്ടില്ല. സാധാരണ ഗതിയിൽ ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്ന സമയത്തുതന്നെ സിഗ്നൽപ്രകാരം വാഹനങ്ങൾ നിർത്തുന്നതിനായി റോഡിൽ വരകളിടാറുണ്ട്. എന്നാൽ, ഇവിടെ അത്തരം നടപടികളില്ലാത്തതിനാൽ വാഹനങ്ങൾ സിഗ്നൽ ലൈറ്റ് കാണുന്നിടത്ത് തോന്നിയപോലെ നിർത്തുകയാണ്. ബസ്സ്റ്റാൻഡ്, ഇരിക്കൂർ, ഇരിട്ടി, മട്ടന്നൂർ, തലശ്ശേരി ഭാഗങ്ങളിലേക്കും പയ്യാവൂർ, ചെമ്പേരി മേഖലകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളായ വൈതൽ മല, കാഞ്ഞിരക്കൊല്ലി, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്കുമെല്ലാം നിത്യേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. സ്ഥലപരിചയമില്ലാത്തവർ ശ്രീകണ്ഠപുരം ജങ്ഷനിലെത്തി ദിശയറിയാതെ കുഴങ്ങുന്നതും ഗതാഗതക്കുരുക്കിൽപ്പെടുന്നതും പതിവുകാഴ്ചയാണ്. അനധികൃത പാർക്കിങ് വ്യാപകം ശ്രീകണ്ഠപുരം: ടൗണിലും പരിസരങ്ങളിലും അനധികൃത വാഹന പാർക്കിങ് വർധിച്ചു. നോപാർക്കിങ് ബോർഡുകൾ സ്ഥാപിച്ചയിടങ്ങളിലടക്കം വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. സംസ്ഥാന പാതയോരത്തും ബസ്സ്റ്റാൻഡിനകത്തും വളവുകളിലും ബസ്സ്റ്റാൻഡ് പ്രവേശന കവാടത്തിലുമെല്ലാം അനധികൃത പാർക്കിങ് വ്യാപകമാണ്. ടൗണിൽ സ്ഥാപിച്ച നോപാർക്കിങ് ബോർഡുകൾ രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ മുറിച്ചു മാറ്റിയതോടെ അവിടങ്ങളിലും വാഹനങ്ങൾ തോന്നിയപോലെ നിർത്തിയിടുകയാണത്രെ. നഗരസഭയിൽ വികസന യോഗം ചേർന്ന് തീരുമാനങ്ങളെടുത്തിട്ടും ഗതാഗത പരിഷ്കാര നടപടികൾ ലക്ഷ്യത്തിലെത്താത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.