മംഗളൂരു സംഘർഷം: കണ്ടാലുടന്‍ വെടിവെക്കാന്‍ ഐ.ജിയുടെ ഉത്തരവ്

മംഗളൂരു: പൊലീസിനുനേരെ അക്രമത്തിനോ കൃത്യവിലോപം തടസ്സപ്പെടുത്താനോ മുതിരുന്നതുകണ്ടാല്‍ ഉടന്‍ നിറയൊഴിക്കാന്‍ പശ്ചിമ മേഖല ഐ.ജി ഹരിശങ്കരന്‍ ഉത്തരവിട്ടു. മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ് പരിധിയുള്‍പ്പെടെ ദക്ഷിണ കന്നട ജില്ലയാകെ ഉത്തരവ് ബാധകമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവെന്ന് ഐ.ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ സ്ഫോടനാത്മകമാണെന്ന് ഐ.ജി വിളിച്ച യോഗത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. ഫറങ്കിപ്പേട്ട മുതല്‍ കല്ലട്ക്ക വരെയും വിട്ടലിലുമായി പൊലീസ് 26 പിക്കറ്റുകള്‍ സ്ഥാപിച്ചു. ഇരുദിശകളിലേക്കുമുള്ള വാഹനങ്ങള്‍ പരിശോധിച്ചു മാത്രമേ കടത്തിവിടുന്നുള്ളൂ. 3000 പൊലീസുകാരെ ജില്ലയില്‍ പ്രത്യേകം വിന്യസിച്ചു. ശനിയാഴ്ച ബി.സി റോഡ് കൈക്കമ്പയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തു. അക്രമത്തെത്തുടര്‍ന്ന് മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത് കുമാര്‍ മഡിവാലയുടെ മൃതദേഹം വഹിച്ച് വിലാപയാത്ര കടന്നുപോവുന്നതിനിടെയുണ്ടായ കല്ലേറും സോഡാക്കുപ്പിയേറും ആസൂത്രിതമാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് സുധീര്‍ റെഡ്ഢി പറഞ്ഞു. പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയ 16 പേരില്‍ മൂന്നാളുകള്‍ സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. വിലാപയാത്രയില്‍ അണിനിരന്നവര്‍ പാതയോരത്തുനിന്ന് കല്ലുപെറുക്കി കാറില്‍ ശേഖരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പരിശോധനയിലാണ്. അതേസമയം, ആണ്‍മക്കളെയോര്‍ത്ത് ആധിയിലെരിയുകയാണ് രക്ഷിതാക്കള്‍. ഇരുചക്ര വാഹനങ്ങള്‍ പിടിച്ചുവെക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കുപോലും വീടിന് പുറത്തിറങ്ങുന്നത് വിലക്കുന്നു. ശനിയാഴ്ച ബി.സി റോഡില്‍ നില്‍ക്കുകയായിരുന്ന ഇര്‍വത്തൂര്‍പദവിലെ മുഹമ്മദ് റിയാസിനെ (26) ബൈക്കിലെത്തിയ സംഘം ആക്രമിച്ചിരുന്നു. റാണിപുരയിലെ ചിരഞ്ജീവിയെ (25) വീട്ടിലേക്ക് പോവുന്നതിനിടെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു. അക്രമങ്ങള്‍ സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാന്‍പോലും ഭയപ്പെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.