പയ്യന്നൂർ: മഴയൊഴിഞ്ഞ സായാഹ്നത്തിന് കനകശോഭ പകർന്ന് കർണാടക സംഗീതലോകത്തെ ജനകീയ ഗായകൻ ടി.എം. കൃഷ്ണ. തുരീയം സംഗീതോത്സവത്തിെൻറ നാലാം ദിനമാണ് പാരമ്പര്യത്തിനതീതമായ ശൈലിയിൽ വിടർന്ന സ്വരമലരുകൾകൊണ്ട് ടി.എം. കൃഷ്ണ രാഗമാലതീർത്തത്. സ്വന്തം സമ്പ്രദായത്തിലേക്ക് രാഗങ്ങളും കീർത്തനങ്ങളും മാറി സഞ്ചരിച്ചപ്പോൾ കേട്ടുപതിഞ്ഞ കീർത്തനങ്ങൾക്കും താളങ്ങൾക്കും നവഭാവം. ത്യാഗരാജ കൃതിയായ ഭൈരവിയിൽ യക്ഷഭേദ രോ എന്ന കീർത്തനം പാടിയാണ് തുടങ്ങിയത്. ശങ്കരാഭരണത്തിൽ തില്ലാന പാടിയ കൃഷ്ണ, മിശ്രചാപ് താളം കല്യാണി രാഗത്തിൽ ശാരദേ കരുണ എന്ന കീർത്തനവും പാടിക്കയറിയപ്പോൾ പാരമ്പര്യത്തിെൻറ കെട്ടുകൾ അഴിഞ്ഞുവീണ രാഗവിസ്താരത്തിനാണ് വേദി സാക്ഷിയായത്. തരുണ സംഗീതത്തിന് തണലായി നിലകൊണ്ടത് കർണാടക സംഗീത ലോകത്തെ പേരും പെരുമയുമുള്ള കലാകാരന്മാരുടെ വൈഭവം. വയലിനിൽ ആർ.കെ. ശ്രീറാം കുമാറും മൃദംഗത്തിൽ കെ.വി. പ്രസാദും ഗഞ്ചിറയിൽ അനിരുദ്ധ ആത്രേയയും കച്ചേരിയുടെ ഓരോ ഘട്ടത്തിലും പാട്ടിന് തുണയായും കരുത്തായും മുന്നേറിയപ്പോൾ ശുദ്ധസംഗീതത്തിെൻറ സുന്ദര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിക്കുകയായിരുന്നു അയോധ്യ ഓഡിറ്റോറിയത്തിലെ സദസ്സ്. നാലാം ദിനം കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് മുഖ്യാതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. ഇന്ന് കർണാടക സംഗീതത്തിൽ കരുത്തുറ്റ ശബ്ദത്തിനുടമയായ സഞ്ജയ് സുബ്രഹ്മണ്യത്തിെൻറ വായ്പാട്ടാണ്. എസ്. വരദരാജൻ (വയലിൻ), നെയ്വേലി വെങ്കിടേഷ് (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവർ മേളമൊരുക്കും. വിജിലൻസ് സ്പെഷൽ ജഡ്ജി ബൈജുനാഥ്, സി. കൃഷ്ണൻ എം.എൽ.എ എന്നിവർ അതിഥികളായെത്തും. തുരീയം വേദിയിൽ ടി.എം. കൃഷ്ണ പാടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.