കെ.എസ്​.ആർ.ടി.സിയിൽ ഒരുമാസത്തെ പെൻഷൻ നൽകി മേയിലെ 15 ദിവസത്തെയും ജൂണിലേത്​ പൂർണമായും ഇനിയും കുടിശ്ശിക

തിരുവനന്തപുരം: സർക്കാർ 130 കോടി ധനസഹായം അനുവദിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ ഒരുമാസത്തെ പെൻഷൻ വിതരണംചെയ്തു. ഏപ്രിൽ–മേയ് മാസങ്ങളിലെ പകുതി പെൻഷൻ വീതമാണ് നൽകിയത്. എല്ലാമാസവും 15ന് പെൻഷൻ വിതരണം ചെയ്യണമെന്നാണ് കെ.എസ്.ആർ.ടി.സിയിലെ വ്യവസ്ഥ. 60 കോടി വിനിയോഗിച്ചാണ് ഒരുമാസത്തെ പെൻഷൻ നൽകിയത്. ബുധനാഴ്ചതന്നെ പെൻഷൻ നൽകണമെന്ന് ഗതാഗതമന്ത്രി നിർദേശിച്ചിരുെന്നങ്കിലും സാങ്കേതികപ്രശ്നം കാരണം നീളുകയായിരുന്നു. സർക്കാറിൽനിന്ന് പണം കിട്ടുന്നതിലും റിസർവ് ബാങ്ക് അനുമതി ലഭിക്കുന്നതിലും വന്ന കാലതാമസമാണ് തടസ്സമായത്. ഇനി മേയിലെ 15 ദിവസത്തെയും ജൂണിലേത് പൂർണമായും നൽകാനുണ്ട്. ഏഴുദിവസംകൂടി കഴിയുേമ്പാൾ ജൂലൈയിലെ പെൻഷൻ വിതരണത്തിനും സമയമാകും. പെൻഷൻ കുടിശ്ശിക തീർക്കുന്നകാര്യത്തിൽ പത്തനംതിട്ട സർവിസ് സഹകരണബാങ്കിൽനിന്നുള്ള 130 കോടി വായ്പയിലാണ് പ്രതീക്ഷ. വായ്പ നൽകലിനുള്ള സ്റ്റേ കോടതിയിലൂടെ മാറിക്കിട്ടിയാൽ തുക ലഭിക്കും. ഇതിനുള്ള നിയമനടപടികളും പുരോഗമിക്കുന്നുണ്ട്. സർക്കാറിൽനിന്ന് ലഭിച്ച 130 കോടിയിൽ 80 കോടി വിനിയോഗിച്ച് ജൂണിലെ ശമ്പളവിതരണവും പൂർത്തിയാക്കിയിട്ടുണ്ട്. പെൻഷൻകാരെ അവഗണിക്കുന്ന സർക്കാർ നയത്തിനെതിരെ ഈമാസം തുടങ്ങിയപ്പോൾ തന്നെ പെൻഷൻകാർ സംഘടിച്ച് ട്രാൻസ്പോർട്ട് ഭവനുമുന്നിൽ സമരത്തിലായിരുന്നു. സാധാരണ 27.5 കോടിയാണ് പെൻഷൻ ഇനത്തിൽ സർക്കാറി​െൻറ പ്രതിമാസവിഹിതം. ഇത് 30 കോടിയാക്കിയാണ് ഇക്കുറി നൽകിയത്. ഇതിന് പുറമേയാണ് 100 കോടിയുടെ സർക്കാർ വായ്പ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.