ജി.എസ്​.ടി: ഇതര സംസ്​ഥാനങ്ങളിൽ നിന്നുള്ള ചരക്കുവരവ് താളംതെറ്റി

കേളകം: ചരക്ക് സേവന നികുതി നടപ്പായ ശേഷം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുവരവ് താളം തെറ്റി. ഇതേത്തുടർന്ന് വിപണിയിൽ ആവശ്യത്തിന് സാധനങ്ങൾ എത്താത്തതിനാൽ അരി ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ വില ഉയർന്നുതുടങ്ങി. അരിക്ക് കിലോ ഗ്രാമിന് രണ്ട് രൂപ വരെയാണ് വില കയറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കർണാടകയിൽ നിന്നാണ് അരി ഉൾപ്പെടെ ഭക്ഷ്യസാധനങ്ങൾ എത്തിയിരുന്നത്. മൈസൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ മൊത്ത വ്യാപാരികളുടെ സ്റ്റോക്കും തീർന്നതിനാൽ കേരളത്തിലേക്കുള്ള ചരക്ക് വിതരണം വരും ദിവസങ്ങളിൽ നിലക്കുമെന്നാണ് വിതരണക്കാർ പറയുന്നത്. ഭക്ഷ്യ സാധനങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ, സ്റ്റോക്കിൽ വില കയറ്റാനുള്ള തന്ത്രത്തിൽ കുടുങ്ങിയിരിക്കുകയാണ് ഉപഭോക്താക്കൾ. ഇതിനിടെ ചരക്ക് സേവന നികുതി നടപ്പായ ശേഷം മലഞ്ചരക്ക് വിപണിയും താറുമാറായി. ഇടപാടുകൾക്കുള്ള ബില്ലുകൾ എങ്ങനെ മുറിക്കുമെന്നുപോലും അറിയാത്തതിനാൽ വിഷമവൃത്തത്തിലാണ് വ്യാപാരികൾ. ഇതിനുവേണ്ട പരിജ്ഞാനമോ അവഗാഹമോ ഇല്ലാത്തതിനാൽ പരിശീലന കേന്ദ്രങ്ങൾ തുറക്കാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം. ചരക്ക് സേവന നികുതിയുടെ പേരിൽ കാർഷികോൽപന്നങ്ങളുടെ വിലയിലുണ്ടാവുന്ന ഇടിവ് കർഷകർക്കും തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.