ജനപ്രിയ രാഗങ്ങളുടെ തേൻമഴ; വായ്പാട്ടിലെ മലയാളി സാന്നിധ്യമായി ജമനീഷ് ഭാഗവതർ

പയ്യന്നൂർ: ശുദ്ധസംഗീതത്തി​െൻറ സുവർണ ശ്രുതിമീട്ടി കർണാടക സംഗീതലോകത്തെ മലയാള സാന്നിധ്യം അടയാളപ്പെടുത്തുകയായിരുന്നു പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ നേതൃത്വത്തിലുള്ള 14ാമത് തുരീയം സംഗീതോത്സവത്തി​െൻറ രണ്ടാം നാളിൽ കോട്ടയം ജമനീഷ് ഭാഗവതർ. ജനപ്രിയ രാഗങ്ങളിലൂടെയുള്ള സുന്ദരസഞ്ചാരങ്ങൾ ആസ്വാദനത്തെ അനായാസമാക്കിയപ്പോൾ പാട്ടുകളുടെ തെരഞ്ഞെടുപ്പും ലളിതസുന്ദര ആവിഷ്കാരവും കച്ചേരിയെയാകെ പ്രോജ്വലമാക്കി. സാവേരിയിൽ വർണം പാടിയാണ് തുടക്കമിട്ടത്. തുടർന്ന് ഹംസധ്വനി ആദിതാളത്തിൽ പാടിപ്പതിഞ്ഞ വാതാപി..., നാട്ടരാഗത്തിൽ സ്വാമിനാഥ, കേദാരത്തിൽ പരമാനന്ദ തുടങ്ങിയ കീർത്തനങ്ങൾ ഒഴുകിയെത്തി. രൂപകം, ഹിന്ദോളം, സൗരാഷ്ട്രം, കുന്തവാളി തുടങ്ങിയ രാഗങ്ങളിലൂടെ സഞ്ചരിച്ച ജിനീഷ് പ്രധാന രാഗമായി തെരഞ്ഞെടുത്തത് മോഹനമായിരുന്നു. കാപ്പിയിൽ തില്ലാന പാടിയാണ് കച്ചേരി അവസാനിപ്പിച്ചത്. ഭാഗവതരുടെ ഘനഗാംഭീര്യ ശബ്ദത്തിന് വയലിൻ തന്ത്രികളിൽ തനിയാവർത്തനം തീർത്തത് എം.എ.സുന്ദരേശൻ. പ്രതിഭാസ്പർശം കൊണ്ട് ധന്യമായ വേദിയിൽ പത്രി സതീഷ് കുമാർ (മൃദംഗം), ഡോ.എസ്. കാർത്തിക് (ഘടം) എന്നിവരും മേളപ്പെരുക്കം തീർത്ത് പാട്ടിന് തണലൊരുക്കി. രണ്ടാംദിനം ഫാ. ജോസഫ് ഡിക്രൂസ് മുഖ്യാതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. മൂന്നാം ദിനമായ ഇന്ന് കർണാടക സംഗീതലോകത്തെ യുവശബ്ദം സാകേത് രാമ​െൻറ വായ്പാട്ടാണ്. കെ.ജെ. ദിലീപ് (വയലിൻ), തിരുവാരൂർ ഭക്തവത്സലം (മൃദംഗം), വൈക്കം ഗോപാലകൃഷ്ണൻ (ഘടം) എന്നിവർ മേളമൊരുക്കും. ഷഷ്ടിപൂർത്തി ആഘോഷിച്ച തിരുവാരൂരിന് വേദിയിൽ സ്വീകരണം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.