നാദതന്ത്രികളിൽ മധുരം പെയ്തിറങ്ങി; തുരീയത്തിന് തിരിതെളിഞ്ഞു

പയ്യന്നൂർ: നാദതന്ത്രികളിൽ മധുര സംഗീതം പെയ്തിറങ്ങിയ സായംസന്ധ്യ സമ്മാനിച്ച ധന്യതയിൽ പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ നേതൃത്വത്തിലുള്ള പതിനാലാമത് തുരീയം സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. സംഗീത സഹോദരങ്ങളിലെ കുമരേഷ് വയലിൻ തന്ത്രികളിൽ തീർത്ത രാഗമുകുളങ്ങൾ മഴയെ അവഗണിച്ച് അയോധ്യ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്ന ആസ്വാദകർക്ക് അവിസ്മരണീയ സംഗീതാനുഭവമാണ് സമ്മാനിച്ചത്. കസർത്തുകളില്ലാതെ, തടസ്സങ്ങളും കെട്ടുകാഴ്ചയുമില്ലാതെ തന്ത്രികളിൽ നിറഞ്ഞൊഴുകിയത് ശുദ്ധസംഗീതത്തി​െൻറ സൗമ്യഭാവം. ഭൈരവിയിൽ അടതാള വർണത്തോടെ തുടക്കം. തുടർന്ന് ജനപ്രിയ രാഗങ്ങളുടെ പെയ്തിറങ്ങൽ. സംഗീതലോകത്തെ ഈ അതുല്യപ്രതിഭകളുടെ സംഗമം തിങ്ങിനിറഞ്ഞ സദസ്സിനെ രണ്ടു മണിക്കൂറിലധികം സംഗീത നിർവൃതിയിൽ ആറാടിച്ചു. പിതാവ് ടി.എസ്. രാജഗോപാലിൽ നിന്നു പകർന്നുകിട്ടിയ സംഗീതജ്ഞാനം മനോധർമത്തിലൂടെയും കഠിന തപസ്യയിലൂടെയും പെരുപ്പിച്ച കുമരേഷി​െൻറ വയലിനൊപ്പം മൃദംഗത്തി​െൻറ തോൽപുറത്ത് ബി. ഹരികുമാറും ഘടത്തിൽ ട്രിച്ചി എസ്. കൃഷ്ണകുമാറും ചേർന്ന് നടത്തിയ മേളപ്പെരുക്കം കൂടി സമന്വയിച്ചപ്പോൾ കച്ചേരിയുടെ ഗാംഭീര്യം വാക്കുകൾക്കതീതമായി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീത സന്ധ്യക്ക് തിരികൊളുത്തിയത്. സംഗീതമുള്ള മനസ്സിൽ അരുതായ്മകൾക്കു സ്ഥാനമില്ലെന്നും പയ്യന്നൂരിലെ തുരീയം സംഗീതോത്സത്തിന് ലോകസംഗീത ചരിത്രത്തിൽ സ്ഥാനമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ േറഞ്ച് ഐ.ജി മഹിപാൽ യാദവ് മുഖ്യാതിഥിയായി. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. സംഗീതോത്സവത്തി​െൻറ രണ്ടാം ദിനമായ ഇന്ന് കോട്ടയം ജമനീഷ് ഭാഗവതരുടെ വായ്പാട്ടാണ്. എം.എ. സുന്ദരേശൻ (വയലിൻ), പത്രി സതീഷ് കുമാർ (മൃദംഗം), ഡോ. എസ്. കാർത്തിക് (ഘടം) എന്നിവർ പക്കമേളമൊരുക്കും. ഫാ. ജോസഫ് ഡിക്രൂസ് മുഖ്യാതിഥിയാവും. പി. വൈ ആർത്തു രീയ 1തുരീയം സംഗീതോത്സവത്തി​െൻറ ഉദ്ഘാടനം വിദ്യാധരൻ മാസ്റ്റർ നിർവഹിക്കുന്നു 2 ആദ്യ ദിവസം കുമരേഷ് വയലിൻ കച്ചേരി അവതരിപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.