ചരക്ക് സേവനനികുതി വന്നതോടെ കനത്ത വിലയിടിവ്; അപ്രതീക്ഷിത വിലയിടിവിൽ നിരാശയോടെ ജാതിക്കർഷകർ

കേളകം: അപ്രതീക്ഷിത വിലയിടിവിൽ പകച്ച് ജാതിക്കർഷകർ. ജൂൺ ആദ്യവാരം മുതലാണ് ജാതികൃഷിയിൽനിന്ന് വിളവെടുപ്പ് തുടങ്ങിയത്. റബർ ഉൾപ്പെടെ കൃഷിയിൽനിന്ന് വരുമാനം കുറഞ്ഞതോടെയാണ് മലയോര കർഷകർ ഇടവിളയായി ജാതികൃഷി തുടങ്ങിയത്. കഴിഞ്ഞവർഷം തുടക്കത്തിൽ ജാതിക്ക തൊണ്ടുള്ളതിന് കിലോഗ്രാമിന് 225- മുതൽ 275 രൂപ വരെയും തൊണ്ട് കളഞ്ഞതിന് 400- മുതൽ 475 രൂപവരെയും ജാതിപത്രിക്ക് 800 രൂപ മുതൽ 900 രൂപവരെയാണ് ലഭിച്ചത്. എന്നാൽ, ഇക്കൊല്ലം തുടക്കംതന്നെ വിലയിടിവിലായിരുന്നു. തൊണ്ടുള്ളതിന് 200 -മുതൽ 210വരെയും ജാതിപത്രിക്ക് 500 രൂപയുമാണ് വില. എന്നാൽ, ചരക്ക് സേവനനികുതി നടപ്പായതോടെ ജാതിക്കക്ക് കിലോഗ്രാമിന് 30 രൂപയുടെ വിലയിടിവാണുണ്ടായത്. ജാതിപത്രിക്കും ഗണ്യമായ കുറവുണ്ടായത് കർഷകർക്ക് തിരിച്ചടിയായി. റബർ വിലയിടിവിനെ തുടർന്ന് നൂറുകണക്കിന് കർഷകരാണ് ഇടവിളയായി ജാതി കൃഷിയിലേക്ക് തിരിഞ്ഞത്. അപ്രതീക്ഷിതമായ വിലയിടിവിൽ നിരാശരാണ് കർഷകർ. ഏറെ പ്രതിക്ഷയോടെ കനത്ത മുതൽമുടക്കിലാണ് ജലസേചനം നടത്തി കൃഷിയിടങ്ങളിൽ ജാതികൃഷി ചെയ്ത് പരിപാലിക്കുന്നത്. പ്രായമുള്ള ഒരു ജാതി മരത്തിൽനിന്ന് 2000 രൂപവരെ വരുമാനം ലഭിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. നിലവിൽ കേരളവും കർണാടകയുമാണ് ജാതികൃഷിയിൽ മുമ്പന്തിയിലുള്ളത്. ഭക്ഷ്യവസ്തുക്കളിലും ഔഷധ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ജാതി സുഗന്ധവസ്തുവായും പരിഗണിക്കുന്നുണ്ട്. ജലസേചനസൗകര്യമുള്ള കൃഷിയിടങ്ങളിലാണ് പരിചരണം കൂടുതൽ ആവശ്യമില്ലാത്ത ജാതികൃഷി സമൃദ്ധമായി വളരുന്നത്. സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിൽ കൃഷിവകുപ്പി​െൻറ സഹകരണത്തോടെ ജാതികൃഷി വ്യാപിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.