സംരക്ഷണ പദ്ധതികളില്ല; മൊഗ്രാൽ കൊപ്പളം തീരം കടലാക്രമണ ഭീഷണിയിൽ

കുമ്പള: കലിപൂണ്ട കടൽ കരയെടുക്കുമ്പോഴും മൊഗ്രാൽ തീരപ്രദേശത്തെ സംരക്ഷിക്കാൻ പദ്ധതികളില്ല. ഓരോ കാലവർഷത്തിലും മൊഗ്രാൽ തീരത്തെ ജനങ്ങളിൽ ഭീതിയും ആശങ്കയും നിറഞ്ഞ നാളുകളാണ് കടന്നുപോകുന്നത്. കരയും തെങ്ങുകളും വർഷാവർഷം കടലെടുക്കുമ്പോഴും നിസ്സംഗരായി നോക്കിനിൽക്കുകയാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളായ കുടുംബങ്ങൾ. മൂന്നു കിലോമീറ്റർ കടൽത്തീരമുള്ള മൊഗ്രാൽ പ്രദേശത്തെ നാങ്കി, കൊപ്പളം, ഗാന്ധിനഗർ പ്രദേശങ്ങളിലാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. കഴിഞ്ഞവർഷം നാങ്കിയിൽ ഒരു വീട് കടലെടുത്തിരുന്നു. നാങ്കിയിൽ അശാസ്ത്രീയമായി നിർമിച്ച കടൽഭിത്തിയാകട്ടെ, മുഴുവനായും കടലെടുക്കുകയും ചെയ്തിരുന്നു. മൊഗ്രാൽ തീരപ്രദേശത്തെ കടൽക്ഷോഭം പ്രതിരോധിക്കാൻ സംരക്ഷണ ഭിത്തി വേണമെന്ന ആവശ്യം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവർ പരിഗണിച്ചിട്ടില്ല. ഈ ആവശ്യമുന്നയിച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ കൊപ്പളം തീരപ്രദേശത്ത് മനുഷ്യഭിത്തി തീർത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. കടൽക്ഷോഭം നാശം വിതക്കുന്ന മേഖലകൾ െതരഞ്ഞെടുത്ത് സംരക്ഷണ ഭിത്തി നിർമിക്കാൻ വർഷങ്ങൾക്കുമുമ്പ് അധികൃതർ പദ്ധതി തയാറാക്കിയെങ്കിലും അത് കടലാസിലൊതുങ്ങി. കാലവർഷം കനത്തു തുടങ്ങിയതോടെയാണ് കൊപ്പളം പ്രദേശം ഇപ്പോൾ കടലാക്രമണ ഭീഷണി നേരിടുന്നത്. നൂറു മീറ്ററോളം ഇപ്പോൾ തന്നെ കര കടലെടുത്തിട്ടുണ്ട്. പത്തോളം തെങ്ങുകൾ ഏത് നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലുമാണ്. വർഷംതോറും റവന്യൂ അധികൃതർ സംഭവസ്ഥലം സന്ദർശിക്കുന്നു എന്നല്ലാതെ നഷ്ടപരിഹാരമോ മറ്റു സഹായങ്ങളോ ഇതുവരെ തീരദേശവാസികൾക്ക് ലഭിച്ചിട്ടില്ല. ചില സന്നദ്ധ സംഘടനകൾ മാത്രമാണ് തീരദേശവാസികൾക്ക് റേഷനും ധനസഹായവും നൽകാൻ മുന്നോട്ടുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.