പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് ക്വാറിക്ക് ലൈസൻസ്; ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ഒറ്റക്കെട്ട്​

കേളകം: പൊയ്യമലയിൽ പ്രവർത്തിക്കുന്ന കൊട്ടിയൂർ മെറ്റൽസ് എന്ന കരിങ്കൽ ക്വാറി അടച്ചുപൂട്ടുംവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ക്വാറിവിരുദ്ധ ആക്ഷൻ കമ്മിറ്റി. ജനവാസഭീഷണിയായ ക്വാറിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്തും പരിസ്ഥിതി സംഘടനകളും രംഗത്തെത്തി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ക്വാറി അടച്ചുപൂട്ടണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഇതിനിടെ, ക്വാറിക്ക് ലൈസൻസ് പുതുക്കിനൽകാൻ പഞ്ചായത്തിൽ ലഭിച്ച അപേക്ഷയിൽ പഞ്ചായത്ത് സെക്രട്ടറിതന്നെ നേരിട്ട് നടത്തിയ അേന്വഷണത്തിൽ ചട്ടവിരുദ്ധമായാണ് ക്വാറി നടക്കുന്നതെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും കെണ്ടത്തിയതിനെ തുടർന്ന് അപേക്ഷ നിരസിക്കുകയായിരുന്നു. എന്നാൽ, പഞ്ചായത്ത് ബോർഡ് യോഗത്തിൽ അഞ്ചാം നമ്പർ അജണ്ടയായി കാര്യം ചർച്ചചെയ്യുകയും തുടർ തീരുമാനമെടുക്കാൻ ആറംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ, വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ, ജാൻസി തോമസ്, തങ്കമ്മ സ്കറിയ എന്നിവരും പ്രതിപക്ഷത്തെ ലിസി ജോസഫ്, ജോയി വേളുപുഴ എന്നിവരും അംഗങ്ങളായിരുന്നു. പ്രതിപക്ഷത്തെ നാല് അംഗങ്ങൾ വിയോജിപ്പും രേഖപ്പെടുത്തി. അഷറഫ് കഴിക്കരിക്കാട്ടിൽ, വി.ടി. ജോയി, തോമസ് കണിയാഞ്ഞാലിൽ, ശാന്ത രാമചന്ദ്രൻ എന്നിവർ ക്വാറിക്ക് ലൈസൻസ് നൽകുന്നത് എതിർത്തു. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ നാലു വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭീഷണിയായതും ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശമായി ദുരന്തനിവാരണ സമിതി റിപ്പോർട്ട് ചെയ്തതുമായ ക്വാറി അടിയന്തരമായി നിർത്തലാക്കാൻ നടപടി വേണമെന്ന് പരിസ്ഥിതിസംഘടനകളും ആവശ്യപ്പെട്ടു. ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്താനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു. പ്രശ്നം പഠിക്കാൻ ജില്ല കലക്ടർ സ്ഥലം സന്ദർശിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കൊട്ടിയൂർ ഐതിഹ്യവുമായി ഏറെ ബന്ധമുള്ള പാലുകാച്ചിമലക്ക് ഭീഷണിയാകുന്നതരത്തിലുള്ള കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും വിവിധ ഭക്തസംഘടനകളും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.