'പരേതന്‍' കണ്ണ്​ തുറന്നു; ചുമച്ചു

മംഗളൂരു: ചിതയൊരുക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ മൃതദേഹം കണ്ണുതുറക്കുകയും ചുമക്കുകയും ചെയ്തതായി ബന്ധുക്കള്‍. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വീണ്ടും മരിച്ചുവത്രെ. കാര്‍ക്കള ഫിഷറീസ് റോഡിലെ ഗോപാല്‍ ദേവഡിഗയെ (47) ചുമയും പനിയും ബാധിച്ച് മൂന്നുദിവസം മുമ്പാണ് കാര്‍ക്കള ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകള്‍ ഫലിച്ചു തുടങ്ങിയതിനാല്‍ ചികിത്സ വീട്ടില്‍ തുടര്‍ന്നാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡിസ്ചാര്‍ജ് ഒരുക്കങ്ങള്‍ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഹ്യദയാഘാതത്തെത്തുടര്‍ന്ന് ദേവഡിഗ മരിച്ചതായി പരിശോധനക്കുശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടില്‍ അന്ത്യകര്‍മങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് ജീവ‍​െൻറ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചതായി വിധിയെഴുതി. ഗവ. ആശുപത്രി അധികൃതര്‍ ഗുരുതര തെറ്റാണ് ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, രോഗിയുടെ മരണം സ്ഥിരീകരിച്ചതു തന്നെയാണെന്ന് ഗവ.ആശുപത്രിയിലെ ഡോക്ടര്‍ മാലിനി പറഞ്ഞു. ഹൃദയാഘാതത്തെത്തുടര്‍ന്ന് രോഗി ഏറെനേരം വ​െൻറിലേറ്ററിലായിരുന്നു. കൃത്രിമ ശ്വാസമാണ് നല്‍കിയിരുന്നത്. ശരീരത്തില്‍നിന്ന് ഓക്സിജന്‍ പുറത്തുപോവുന്നതി‍​െൻറ അനക്കങ്ങളാവാം മൃതദേഹത്തില്‍ കണ്ടതെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.