സ്​ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്​പെഷാലിറ്റി നിലവാരത്തിലേക്ക് ഉയർത്തും

കണ്ണൂർ: മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി രണ്ടുവർഷത്തിനകം സ്പെഷാലിറ്റി ആശുപത്രിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആശുപത്രിവികസനം സംബന്ധിച്ച് ജെയിംസ് മാത്യു എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്കാനിങ് നടത്താൻ ബുധനാഴ്ചകളിൽ ജില്ല ആശുപത്രിയിലെ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാക്കും. പ്രധാന ഓപറേഷൻ തിയറ്റർ പ്രവർത്തിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തരനടപടിയെടുക്കും. ആശുപത്രി സമഗ്രവികസനത്തിനുള്ള മാസ്റ്റർപ്ലാൻ എം.എൽ.എയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. ഇത് കിഫ്ബി മാനദണ്ഡങ്ങൾക്കനുസരിച്ച് ഭേദഗതിവരുത്താൻ കെ.എസ്.ഐ.ഡി.സിയെ ഏൽപിക്കും. 100 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന ഇവിടെ 25 പേരെയാണ് പ്രവേശിപ്പിക്കുന്നത്. കിടക്കകളുടെ എണ്ണം ഘട്ടംഘട്ടമായി വർധിപ്പിച്ച് നൂറിലെത്തിക്കണം. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമായി അനുവദിച്ച 87 തസ്തികകളിൽ 75 പേർ നിലവിലുണ്ട്. ബാക്കി ഒഴിവുകൾ നികത്താൻ നടപടിയെടുക്കും. ലിഫ്റ്റ് സൗകര്യമൊരുക്കാൻ വികലാംഗ സൗഹൃദ ജില്ല പദ്ധതിയിൽ 43 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മാലിന്യസംസ്കരണ പ്ലാൻറ് അറ്റകുറ്റപ്പണി എം.എൽ.എയുടെ മേൽനോട്ടത്തിൽ നടത്താൻ ധാരണയായി. ഒ.പി ബ്ലോക്ക് നവീകരിച്ച് ഇലക്േട്രാണിക് സംവിധാനം ഏർപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിനുള്ള എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കാനും അവർ ആവശ്യപ്പെട്ടു. പ്രസവശുശ്രൂഷയിൽ മാത്രമായി ഒതുങ്ങാതെ, സ്ത്രീകളുടെയും കുട്ടികളുടെയും എല്ലാതരം ചികിത്സ ആവശ്യങ്ങളും നിർവഹിക്കാൻ കഴിയുന്ന കേന്ദ്രമായാണ് ആശുപത്രി വിഭാവനംചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. പനിചികിത്സക്ക് ഇവിടെയും പ്രത്യേകസംവിധാനം ഒരുക്കണം. എല്ലാമാസവും കൃത്യമായി ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി ചേർന്ന് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു. എല്ലാമാസവും സ്ഥിരമായ ഒരു തീയതിയിൽ എച്ച്.എം.സി യോഗം ചേരുന്നതാകും ഉചിതമെന്ന് ജെയിംസ് മാത്യു എം.എൽ.എ നിർദേശിച്ചു. ബയോമെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തി സേവനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള ടീച്ചർ, ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക്ക്, എൻ.എച്ച്.എം ജില്ല പ്രോജക്ട് മാനേജർ ഡോ. ലതീഷ്, സൂപ്രണ്ട് ഇൻ ചാർജ് ഡോ. അനുപമ എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാർ, ജനപ്രതിനിധികൾ, എച്ച്.എം.സി അംഗങ്ങൾ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.