ഹയർസെക്കൻഡറി സ്​ഥലംമാറ്റം: വനിത പ്രിൻസിപ്പൽമാരെ ദൂരസ്​ഥലങ്ങളിലേക്ക്​ മാറ്റിയതായി പരാതി

നീലേശ്വരം: ഭരണാനുകൂല സംഘടനയിൽപെട്ടവരെ പ്രധാന സ്‌കൂളുകളിൽ നിയമിക്കുന്നതിന് വനിതകൾ ഉൾപ്പെടെയുള്ള പ്രിൻസിപ്പൽമാരെ ദൂരസ്ഥലങ്ങളിലേക്കു സ്ഥലംമാറ്റിയതായി ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പ്രിൻസിപ്പൽ തസ്തികയിലെ സ്ഥലംമാറ്റത്തിന് പ്രത്യേക മാനദണ്ഡങ്ങളില്ലാത്തതിനാൽ ആവശ്യപ്പെടുന്നവർക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കു മാറ്റം നൽകുകയാണു പതിവ്. എന്നാൽ, മിക്ക ജില്ലകളിലും ഭരണാനുകൂല സംഘടനയിൽപെട്ടവരെ തിരുകിക്കയറ്റുന്നതിനും ഹൈസ്‌കൂളിൽനിന്നും സ്ഥാനക്കയറ്റം നൽകി പ്രിൻസിപ്പൽമാരായി വരുന്നവരെ നിയമിക്കുന്നതിനുമാണ് നിർബന്ധിത സ്ഥലംമാറ്റത്തിന് ഉത്തരവിട്ടിരിക്കുന്നത്. സർക്കാർ വിദ്യാലയങ്ങളെയും അധ്യാപകരെയും അസ്വസ്ഥമാക്കുന്ന തരത്തിൽ കേവലം സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി സർക്കാർ എടുക്കുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയെയും ഹയർസെക്കൻഡറി ഡയറക്ടറെയും നോക്കുകുത്തികളാക്കി ഭരണാനുകൂല സംഘടനക്കാരുടെ കൂത്തരങ്ങാക്കി ഹയർസെക്കൻഡറി മേഖലയെ മാറ്റാനുള്ള നീക്കം മേഖലയെ തകർക്കാനേ ഉപകരിക്കൂ. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയിൽ സ്വജനപക്ഷപാതം വഴിയും വിലപേശൽ വഴിയും ഹയർസെക്കൻഡറി മേഖലയിൽ സ്വാധീനമുറപ്പിക്കാൻ ഉപജാപക സംഘങ്ങൾ നടത്തുന്ന അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരിട്ടിടപെടണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണൻ, സെക്രട്ടറി ഡോ. സാബു ജി. വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.