ക്വാറി ദൂരപരിധി കുറച്ചതിനെതിരെ ​െതാട്ടിൽ കെട്ടി പ്രതിഷേധം

കണ്ണൂർ: മലയോര മേഖലയിലും മറ്റും കരിങ്കൽ ക്വാറികളിൽ നിന്നുള്ള ദൂരപരിധി കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കലക്ടറേറ്റ് ധർണ നടത്തി. തൊട്ടിൽ കെട്ടിയാണ് നോർത്ത് മലബാർ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നേരത്തെ 100 മീറ്റർ ഉണ്ടായിരുന്ന സമയത്തുതന്നെ തൊട്ടടുത്ത വീടുകളിൽ കുട്ടികളെ ഉറക്കുന്നതിനോ വീടിനു പുറത്തിറങ്ങുന്നതിനോ പറ്റാത്ത അവസ്ഥയുള്ളപ്പോഴാണ് ദൂരപരിധി ചുരുക്കിയത്. ഇതാണ് പ്രതീകാത്മകമായി തൊട്ടിൽ കെട്ടി സമരം നടത്താൻ സമിതിയെ പ്രേരിപ്പിച്ചത്. ജനജീവിതം ദുസ്സഹമാക്കുന്ന സർക്കാർ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ക്വാറിയിൽ നിന്നും തൊട്ടടുത്ത പറമ്പുകളിലേക്ക് 100 മീറ്റർ ദൂരപരിധി നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തൊട്ടിൽ കെട്ടി സമരം പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ബാബുജി ഉദ്ഘാടനംചെയ്തു. നോർത്ത് മലബാർ പരിസ്ഥിതി സമിതി ചെയർമാൻ ഭാസ്കരൻ വെള്ളൂർ അധ്യക്ഷത വഹിച്ചു. വിവിധ ക്വാറി മേഖലകളിലെ സമരപ്രവർത്തകരായ എം.പി. പ്രകാശൻ, വിനോദ് കൊമ്പൻ, എം. സുഭാഷ്, ശ്രീധരൻ ആലന്തട്ട, നിജിൽ കുമാർ, തോമസ്കുട്ടി തോട്ടത്തിൽ, റിജോ ആലാനിക്കൽ, ജോസ് കൊട്ടാരത്തിൽ, കെ.പി. ശാരദ, ആർ. ലീല തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.