കാസിയ ഉപയോഗം വ്യാപകം; പരിശോധന നടന്നത്​ 65 സ്​ഥാപനങ്ങളിൽ മാത്രം​

കണ്ണൂര്‍: സംസ്ഥാനത്ത് മസാലെപ്പാടികളിലും ആയുര്‍വേദ ഉൽപന്നങ്ങളിലും കറുവപ്പട്ടക്ക് പകരം മാരകവിഷമടങ്ങിയ കാസിയ ഉപയോഗിക്കുന്ന 800ഒാളം സ്ഥാപനങ്ങളുണ്ടായിട്ടും ഇതുമായി ബന്ധപ്പെട്ട പരിശോധന നടന്നത് 65 സ്ഥാപനങ്ങളില്‍ മാത്രം. ലോകത്തെ ഏറ്റവും വലിയ ആയുര്‍വേദ സോപ്പ് നിര്‍മാതാവായ കേരളത്തില്‍ ഇതുവരെ അതിനുപയോഗിക്കുന്ന ഘടകങ്ങള്‍ പരിശോധിക്കുകപോലും ചെയ്തിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയ രേഖാമൂലമുള്ള അറിയിപ്പില്‍നിന്നും മനസ്സിലാകുന്നതെന്ന് കറുവാപ്പട്ട കര്‍ഷകനും കാസിയക്കെതിരെ ഒറ്റയാള്‍പോരാട്ടം നടത്തുന്നയാളുമായ കണ്ണൂര്‍ പയ്യാമ്പലത്തെ ലിയോണാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മസാലപ്പൊടികളില്‍ കാസിയ ഉണ്ടോ എന്ന് ചെക്ക് ചെയ്യാന്‍ ലാബുകളില്‍ അയച്ചിരുന്നു. എന്നാൽ, കേരളം ഇതുവരെ ഇത്തരമൊരു പരിശോധന നടത്തിയിട്ടില്ല. ഇത് പരിശോധിക്കാനുള്ള ജി.സി.എം.എസ് യന്ത്രം കാക്കനാടും തിരുവനന്തപുരത്തും ലാബുകളില്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെങ്കിലും പരിശോധന നടക്കുന്നില്ലെന്നാണ് അറിയാന്‍ സാധിച്ചതെന്ന് ലിയോണാര്‍ഡ് പറഞ്ഞു. ആയുഷ് ന്യൂഡല്‍ഹി 2016 ഏപ്രിലിലെ ഓര്‍ഡര്‍പ്രകാരം 10 മുതല്‍ 30 സ്ഥാപനത്തില്‍ ഒരു ഇന്‍സ്‌പെക്ടര്‍ വേണം എന്ന നിയമമനുസരിച്ച് കേരളത്തില്‍ 40 ഇന്‍സ്‌പെക്ടര്‍മാര്‍ വേണം. എന്നാൽ, ആകെ നാല് പേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. കറുവപ്പട്ടക്ക് പകരം ഇന്ത്യയില്‍ ആയുര്‍വേദ ഉൽപന്നങ്ങളിലും മസാലപ്പൊടികളിലും കാസിയയാണ് ഉപയോഗിക്കുന്നതെന്ന് തെളിഞ്ഞിട്ടും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ കാസിയയുടെ ദൂഷ്യഫലങ്ങള്‍ ജനങ്ങളെ ടി.വിയിലോ പത്രം മുഖേനയോ അറിയിച്ചിട്ടില്ലെന്നത് ഖേദകരമാണെന്നും ലിയോണാര്‍ഡ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.