എസ്.സി--എസ്.ടി കോളനികളിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ പദ്ധതി കണ്ണൂർ: ജില്ലയിലെ എസ്.സി--എസ്.ടി കോളനികളിലെ മുഴുവൻ വിദ്യാർഥികളെയും സ്കൂളുകളിലെത്തിക്കാൻ ശക്തമായ ഇടപെടൽ നടത്താൻ ജില്ലപഞ്ചായത്ത് യോഗം തീരുമാനിച്ചു. ഇതിനായി ജില്ലപഞ്ചായത്തിെൻറ നേതൃത്വത്തിൽ ഐ.ടി.ഡി.പി, എസ്.സി വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സാക്ഷരത മിഷൻ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ സംയുക്തമായി പ്രത്യേക സംഘത്തിന് രൂപംനൽകി. എല്ലാ കോളനികളിലും സ്കൂൾ പ്രവൃത്തിദിനങ്ങളിൽ പരിശോധന നടത്തുമെന്ന് ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ക്ലാസിലെത്താത്ത കുട്ടികളെ കണ്ടെത്തി അവരെ സ്കൂളിലെത്തിക്കുന്നതിനുവേണ്ടിയാണിത്. ഡിവിഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ ബ്ലോക്ക്--ഗ്രാമപഞ്ചായത്ത് അംഗങ്ങളെ പങ്കെടുപ്പിച്ച് ഇതിനായി പ്രത്യേക യോഗം വിളിക്കും. ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളെ കൂടി സഹകരിപ്പിക്കാനും തീരുമാനിച്ചു. സാക്ഷരതാമിഷെൻറ നേതൃത്വത്തിൽ കോളനികളിലെ രക്ഷിതാക്കൾക്കായി തുടർ സാക്ഷരതാപദ്ധതി ആരംഭിക്കും. നാല്, ഏഴ് തുല്യത കോഴ്സുകളിൽ അവരെ പങ്കെടുപ്പിക്കാനാണ് തുടക്കത്തിൽ ശ്രമിക്കുക. പദ്ധതി ആഗസ്റ്റിൽ ആരംഭിക്കും. കോളനികളിലെ നിരന്തര സന്ദർശനങ്ങളിലൂടെയും രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകുന്നതിലൂടെയും മാത്രമേ ആദിവാസികൾക്കായുള്ള വിവിധ പദ്ധതികൾ വിജയത്തിലെത്തിക്കാൻ സാധ്യമാകൂവെന്ന് പ്രസിഡൻറ് പറഞ്ഞു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത പട്ടികവർഗ വിഭാഗങ്ങൾക്ക് അത് ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ എത്രയുംപെട്ടെന്ന് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് ഐ.ടി.ഡി.പിക്ക് ജില്ലപഞ്ചായത്ത് നിർദേശം നൽകി. നടപ്പുവർഷത്തെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് പ്രസിഡൻറ് പറഞ്ഞു. പദ്ധതികൾക്ക് വേഗത്തിൽതന്നെ ഡി.പി.സി അംഗീകാരം നേടാനായത് വലിയ നേട്ടമാണ്. എന്നാൽ, പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള ശക്തമായ ഇടപെടൽ നിർവഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാൽ മാത്രമേ ഇതുകൊണ്ട് കാര്യമുള്ളൂ. പരമാവധി 10 ദിവസത്തിനുള്ളിൽ അത് നേടിയെടുക്കാവുന്ന തരത്തിലുള്ള ഇടപെടൽ ആവശ്യമാണ്. പദ്ധതിനിർവഹണത്തിെൻറ അവസാനത്തെ മൂന്നു മാസങ്ങളിൽ പണം ചെലവഴിക്കുന്നതിൽ നിയന്ത്രണമുള്ളതിനാൽ സമയബന്ധിതമായിതന്നെ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.