ക്വാറികൾക്ക് ഇളവ്: മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തൊഴിലാളി യൂനിയനുകളുടെ പിന്തുണ

ക്വാറികൾക്ക് ഇളവ്: മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തൊഴിലാളി യൂനിയനുകളുടെ പിന്തുണ തൃശൂർ: നിർമാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താൻ വേണ്ടി വ്യവസായമന്ത്രി എ.സി.മൊയ്തീൻ വിളിച്ചുചേര്‍ത്ത ട്രേഡ് യൂനിയനുകളുടെ യോഗത്തില്‍ ചെറുകിട ക്വാറികളുടെ പ്രവര്‍ത്തന തടസ്സം നീക്കാൻ കൈക്കൊണ്ട സര്‍ക്കാര്‍ നടപടിക്ക് ട്രേഡ് യൂനിയന്‍ പ്രതിനിധികൾ പിന്തുണ അറിയിച്ചു. മൈനര്‍ മിനറല്‍ ചട്ടങ്ങളില്‍ ദൂരപരിധി കുറച്ചുള്ള ഭേദഗതികള്‍ അടഞ്ഞുകിടക്കുന്ന മൂവായിരത്തോളം ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കാനും ഒരു ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതാണ്. ഇതിനെ തുരങ്കംവെക്കാന്‍ ആരെയും അനുവദിക്കരുതെന്നും ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കെ.പി.സഹദേവൻ, കെ.വി.ജോസ്(സി.ഐ.ടി.യു),കെ.പി.ശങ്കരദാസ് (എ.ഐ.ടി.യു.സി), കെ.പി.തമ്പികണ്ണാടൻ, മിനി മോഹനൻ(ഐ.എന്‍.ടി.യു.സി), അഡ്വ:എസ്.എസ്.സജയന്‍ (യു.ടി.യു.സി) തുടങ്ങിയ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നദികളില്‍ നിന്ന് മണല്‍ വാരാനുള്ള അനുമതി നൽകുക, ഡാമുകളിലെ മണല്‍ ശേഖരിക്കുക, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരാനുള്ള തടസ്സം ഒഴിവാക്കുക, സിമൻറ്, കമ്പി, കരിങ്കല്‍ ഉൽപന്നങ്ങള്‍ തുടങ്ങിയ നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക, മരത്തി​െൻറ ലഭ്യതക്കുറവ് പരിഹരിക്കുകയും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും നിർമാണ വ്യവസായത്തി​െൻറ ഉണര്‍വിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്നും നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലനിയന്ത്രിക്കാനും നടപടി സ്വീകരിക്കാമെന്നും മന്ത്രി എ.സി.മൊയ്തീന്‍ യോഗത്തെ അറിയിച്ചു. നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിലെ വരുമാനം വർധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.