കവ്വായിക്കായലില്‍ വീണ്ടും പായല്‍ ദുരിതം

തൃക്കരിപ്പൂര്‍: തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള അന്തര്‍ദേശീയ അംഗീകാരമായ രാംസര്‍ സൈറ്റ് പദവി ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന കവ്വായിക്കായല്‍ ദുര്‍ഗന്ധ പൂരിതമാക്കി വീണ്ടും പായല്‍ അടിഞ്ഞു. നീരൊഴുക്ക് കൂട്ടാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 45 ലക്ഷം രൂപ ചെലവിട്ട് പൈപ്പ് കലുങ്ക് പണിതിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ഒഴുക്ക് തടസ്സപ്പെടുകയും ബണ്ടുകള്‍ക്കിടയില്‍ വേലിയേറ്റ-വേലിയിറക്കങ്ങള്‍ ഇല്ലാതാവുകയും ചെയ്തതോടെ മുമ്പെങ്ങുമില്ലാത്ത വിധം കവ്വായിക്കായലില്‍ പായല്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. മാടക്കാല്‍ ബണ്ടിന്‍െറ വടക്കുഭാഗത്ത് നോക്കത്തൊദൂരത്തോളം ചത്തടിഞ്ഞ പായല്‍ കാണാം. കെട്ട വെള്ളത്തില്‍ കക്കവാരല്‍ പോലും അസാധ്യമായതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇവിടെ മീനും ലഭിക്കുന്നില്ല. അഞ്ച് ബണ്ടുകളാണ് കവ്വായിക്കായലിലുള്ളത്. മാടക്കാലിന് പുറമെ തെക്കേക്കാട്ടും പൈപ്പ് കലുങ്ക് സ്ഥാപിച്ചിരുന്നു. എന്നാല്‍, മാടക്കാലില്‍ പായല്‍ ചീയല്‍ ആവര്‍ത്തിക്കുകയാണ്. തെക്കേകാട്ട് ഈ പ്രശ്നമില്ല. ഇടയിലക്കാട് ബണ്ടാവട്ടെ കായലിനെ രണ്ടായി പകുക്കുന്നതാണ്. ഗതാഗത സൗകര്യം തീര്‍ത്തും അപര്യാപ്തമായിരുന്ന 80കളിലാണ്, കായലില്‍ ഒന്നിനുപിറകെ ഒന്നായി ബണ്ടുകള്‍ വന്നത്. 20 വര്‍ഷം കഴിഞ്ഞാണ് ഇതിന്‍െറ പാരിസ്ഥിതിക ആഘാതം ബോധ്യപ്പെടുന്നത്. 11 ഇനം കണ്ടലുകളാണ് കായലുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. രാംസാര്‍ സൈറ്റ് പദവിക്കായുള്ള ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് ജൈവ സമ്പന്നതയുടെ ആഴമറിയാന്‍ പഠനം നടത്തിയത്. പഠനത്തിലെ ആശങ്കകള്‍ ശരിവെക്കുന്ന തരത്തിലാണ് കായലിന്‍െറ ആരോഗ്യം ക്ഷയിക്കുന്നത്. കായലിലെ പായല്‍ ആഹാരമാക്കുന്ന ചില ജീവികളുടെ ഉന്മൂലനം പ്രശ്നത്തിന് കാരണമായതായി സംശയിക്കുന്നതായി സ്ഥലം സന്ദര്‍ശിച്ച സീക്ക് ഡയറക്ടര്‍ ടി.പി. പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. കായല്‍ കൈയേറ്റം, കണ്ടല്‍ നശീകരണം, ഏകവിളകളുടെ അമിത കൃഷി, വിദേശ സസ്യങ്ങളുടെ കടന്നുകയറ്റം, കായല്‍ ആഴംകൂട്ടുന്ന പ്രവൃത്തികള്‍ എന്നിവ ആശങ്ക ജനിപ്പിക്കുന്നതായി സീക്ക് പഠനസംഘം കണ്ടത്തെുകയുണ്ടായി. കായലില്‍ സ്വതന്ത്രമായി ഉണ്ടായിരുന്ന 22 തുരുത്തുകളില്‍ ഒമ്പതെണ്ണം മാത്രമാണ് ഇപ്പോഴും പഴയപടിയുള്ളത്. കാവുഞ്ചിറ തുരുത്ത് തീര്‍ത്തും ഇല്ലാതായി. അഞ്ചിങ്ങുമാട്, തെക്കുംമൂല, കിഴക്കുംമൂല, കൊച്ചത്തുരുത്ത്, കുരിപ്പ്മാട്, കൊക്കാല്‍, തൊട്ടീരെ മാട്, ഉപ്പട്ടി തുരുത്ത്, അഴിതുരുത്ത് എന്നിവയാണ് ഇപ്പോഴും വേറിട്ട് നിലനില്‍ക്കുന്നത്. പ്രദേശവാസികളുടെ ആവശ്യപ്രകാരം എം. രാജഗോപാലന്‍ എം.എല്‍.എ കായല്‍ സന്ദര്‍ശിച്ച്, ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കായലിന്‍െറ ഒഴുക്ക് തടയുന്ന ബണ്ട് പൊളിച്ചുമാറ്റി പാലം പണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഉടുമ്പുന്തല, മാടക്കാല്‍ തീരത്തെയാണ് പായല്‍ പ്രശ്നം നേരിട്ട് ബാധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.