അഴീക്കോട് പടിഞ്ഞാറെ കാപ്പ് സംരക്ഷണത്തിന് പദ്ധതി

അഴീക്കോട്: പഞ്ചായത്ത് അധികൃതരുടെയും സാമൂഹിക-രാഷ്ട്രീയ മേഖലയിലുള്ളവരുടെയും ഇടപെടലില്‍ ചെമ്മരശ്ശേരിപ്പാറയിലെ പടിഞ്ഞാറെ കാപ്പിന് ജീവന്‍വെക്കുന്നു. കഴിഞ്ഞദിവസം അഴീക്കോട് സൗത്ത് യു.പി സ്കൂളില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്‍െറ സ്മാരകപ്രഭാഷണത്തിനും ഡിജിറ്റല്‍ തിയറ്റര്‍ ഉദ്ഘാടനത്തിനുമത്തെിയ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ കാപ്പ് സന്ദര്‍ശിച്ചതാണ് പ്രതീക്ഷക്ക് നാമ്പ്മുളപ്പിച്ചത്. ഏഴ് ഏക്കറയോളം വരുന്ന പടിഞ്ഞാറെ കാപ്പ് പഞ്ചായത്തിന്‍െറ കൈവശത്തിലാണെങ്കിലും നാശത്തിന്‍െറ വക്കിലായിട്ട് വര്‍ഷങ്ങളായി. കാപ്പിന് സമീപം 50 ഏക്കറയിലധികം വരുന്ന സ്വകാര്യ വ്യക്തികളുടെ വയലുകളില്‍ മൂന്നു വിളവരെ നെല്‍കൃഷി ചെയ്തിരുന്നത് ഈ കാപ്പിനെ ആശ്രയിച്ചാണ്. മൂന്നു കി.മീറ്ററിലധികം ചുറ്റളവില്‍ വിശാലമായ വിസ്തൃതിയിലാണ് പടിഞ്ഞാറെ കാപ്പിനെ മാത്രം ആശ്രയിച്ചുള്ള വയലുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിന് ചുറ്റുമായി കരപ്രദേശത്ത് ആയിരത്തിലധികം വീടുകളിലെ വറ്റാത്ത കിണറുള്ള നീരുറവ ഈ കാപ്പില്‍നിന്നാണ്. ആര്‍.ഐ.ഡി.എഫ് പദ്ധതിയിലേക്കായി കാപ്പിന്‍െറ ആഴംകൂട്ടി സംരക്ഷണഭിത്തി കെട്ടുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ കൃഷി, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സന്ദര്‍ശനവേളയില്‍ മന്ത്രി നിര്‍ദേശം നല്‍കി. ആദ്യഘട്ടം എന്നനിലയില്‍ ഒരുകോടി രൂപയുടെ പദ്ധതിയാണ് തയാറാക്കാന്‍ സാധ്യത. ശുദ്ധജല സ്രോതസ്സായ പടിഞ്ഞാറെ കാപ്പിനെ കോഴിക്കോട് മാനാഞ്ചിറ മാതൃകയില്‍ പാര്‍ക്കോടുകൂടിയ ടൂറിസം സാധ്യതകൂടി പദ്ധതിയുടെ ഭാഗമായി കണ്ടത്തെണമെന്നും അനേകം ദേശാടന പക്ഷികള്‍ വിവിധ മാസങ്ങളിലായി പ്രജനനം നടത്തുന്നതിനുവരെ കാപ്പിലേക്ക് എത്താറുണ്ടെന്നും ഇതിനെ കൂടി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് വേണ്ടതെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് സി. പ്രസന്ന, അഴീക്കോട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. മിനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കുഞ്ഞംസു മാസ്റ്റര്‍, കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എം. സപ്ന, അബ്ദുല്‍ നിസാര്‍ വായിപ്പറമ്പ്, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാര്‍, സി.പി.ഐ അഴീക്കോട് മണ്ഡലം സെക്രട്ടറി, എം. അനില്‍കുമാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.