തലശ്ശേരി മണ്ഡലത്തില്‍ ‘എല്ലാരും സ്കൂളിനൊപ്പം’

തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി ‘എല്ലാരും സ്കൂളിനൊപ്പം’ ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ഡിജിറ്റല്‍ ടി.വി വിതരണവും മന്ത്രി നിര്‍വഹിച്ചു. അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പദ്ധതി രേഖ പ്രകാശനം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് പുതുക്കുടിക്ക് നല്‍കി നഗരസഭ വൈസ്ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം നിര്‍വഹിച്ചു. സജീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്കൂളുകള്‍ക്കുള്ള ഡിജിറ്റല്‍ ടി.വി പഞ്ചായത്ത് പ്രസിഡന്‍റുമാരായ എ.കെ. രമ്യ (എരഞ്ഞോളി), എം. ഷീബ (കതിരൂര്‍), എ.വി. ചന്ദ്രദാസന്‍ (ന്യൂ മാഹി), എ. ശൈലജ (പന്ന്യന്നൂര്‍) എന്നിവര്‍ ഏറ്റുവാങ്ങി. നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍ സ്വാഗതവും ഡി.ഇ.ഒ എം.പി. വനജ നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തില്‍ സ്കൂളുകളില്‍ ഒന്നും രണ്ടും ക്ളാസുകളില്‍ ഡിജിറ്റല്‍ ടെലിവിഷനും ഹൈസ്കൂളുകളില്‍ സ്ത്രീസൗഹൃദ ടോയ്ലറ്റും നിര്‍മിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുകയും ആധുനിക സാങ്കേതിക വിദ്യയുടെയും മികച്ച പഠന-സങ്കേതങ്ങളുടെയും സഹായത്തോടെ നിലവാരം ഉയര്‍ത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മണ്ഡലത്തിലെ 154 പൊതുവിദ്യാലയങ്ങളെയും ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആകര്‍ഷകമായ പഠനാന്തരീക്ഷം, ആധുനിക സാങ്കേതികവിദ്യ, കലാകായിക സര്‍ഗാത്മകശേഷി പോഷിപ്പിക്കല്‍ തുടങ്ങിയവയാണ് പദ്ധതി വിഭാവനംചെയ്യുന്നത്. മൂന്നുമാസത്തെ മുന്നൊരുക്കത്തിലൂടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഓരോ വിദ്യാലയത്തിലും ജനപ്രതിനിധികളും നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും പൂര്‍വ അധ്യാപകരും പങ്കെടുത്ത വിപുലമായ വിദ്യാലയ വികസന സെമിനാര്‍ അനുബന്ധമായി നടത്തി. അഞ്ചുവര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ ഓരോ സ്കൂളും ആവിഷ്കരിച്ചിട്ടുണ്ട്. സര്‍ഗാത്മക ശില്‍പശാലകള്‍, ലഹരിവിരുദ്ധ ബോധവത്കരണം, യോഗ-ജിംനേഷ്യം-ആയോധനകലാ പരിശീലനം എന്നിവയും പദ്ധതിയിലുണ്ട്. ജൈവവൈവിധ്യ പാര്‍ക്കുകള്‍, ചിത്രഗാലറി, ശുചിമുറികള്‍, ഭക്ഷണപ്പുര, പാചകപ്പുര, കളിസ്ഥലം തുടങ്ങി അടിസ്ഥാനമേഖലയിലെ ഉന്നമനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.