ഭീകരതയുടെ പേരില്‍ പൊലീസും സര്‍ക്കാറും മുസ്ലിംകളെ പീഡിപ്പിക്കുന്നു –കെ.പി.എ. മജീദ്

കണ്ണൂര്‍: ഭീകരതയുടെ പേരില്‍ പൊലീസും സര്‍ക്കാറും ചേര്‍ന്ന് മുസ്ലിംകളെ പീഡിപ്പിക്കുന്ന ഗൗരവതരമായ നീക്കമാണ് സംസ്ഥാനത്തെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഭീകരതയുടെ പേരിലുള്ള മുസ്ലിം വേട്ടക്കെതിരെ ജനജാഗരണം എന്നപേരില്‍ ലീഗ് ജില്ല കമ്മിറ്റി നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍നീക്കങ്ങള്‍ മതപ്രചാരണത്തിനും മതവിശ്വാസത്തിനും പ്രയാസമുണ്ടാക്കുകയാണ്. ഇതിനെ മറ്റു സംഘടനകളുമായി ചേര്‍ന്ന് കണ്ണടച്ച് എതിര്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയാണ്. ഭീകരവാദത്തിനും ഭീകരര്‍ക്കെതിരെയും എന്നും നിലകൊണ്ട പാരമ്പര്യമാണ് ലീഗിനും മറ്റു മുസ്ലിം സംഘടനകള്‍ക്കുമുള്ളത്. യു.എ.പി.എ ചുമത്തി അഭിപ്രായസ്വാതന്ത്ര്യത്തെ പിച്ചിച്ചീന്താനാണ് സര്‍ക്കാര്‍ശ്രമം. എല്ലാ പള്ളികളിലും കയറി ആളുകളെ ചോദ്യംചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയോട് പലതവണ സംസാരിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഏതു യു.എ.പി.എ ചുമത്തിയാലും ഖുര്‍ആനിലും ഹദീസിലും പറഞ്ഞ പാഠങ്ങള്‍ പഠിപ്പിക്കാതിരിക്കാന്‍ മുസ്ലിംകള്‍ക്കാകില്ളെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജില്ല പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി, ലീഗ് നേതാക്കളായ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്‍കരീം ചേലേരി, വി.പി. വമ്പന്‍, വി.കെ. ഫൈസല്‍ ബാബു, പി.കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.