മുതിര്‍ന്നയാള്‍ക്കുള്ള സീറ്റ് അനുവദിച്ചില്ല; കണ്ടക്ടര്‍ക്ക് 500 രൂപ പിഴ

കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീറ്റ് അര്‍ഹതപ്പെട്ടയാള്‍ക്ക് നല്‍കാതിരുന്നതിനെതിരെ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് 500 രൂപ പിഴ ഈടാക്കി. കണ്ണൂര്‍-കൊട്ടിയൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എല്‍ 13 വൈ 459 ബസിലെ കണ്ടക്ടര്‍ക്കെതിരെ നടപടി. കോളയാട് കൂടകച്ചിറ കെ.ടി. ഫിലിപ്പ് വീട്ടില്‍ കെ.ടി. ഫിലിപ്പിന്‍െറ പരാതിയെ തുടര്‍ന്നാണ് നടപടി. റിട്ടയേഡ് കെ.എസ്.ഇ.ബി ജീവനക്കാരനാണ് ഫിലിപ്പ്. ജനുവരി രണ്ടിന് കൊച്ചുമകന് പനിയായതിനെ തുടര്‍ന്ന് ഫിലിപ്പ് കോളയാടുനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്നു. ഉച്ചക്ക് 3.30ഓടെയാണ് കോളയാടുനിന്ന് ബസില്‍ കയറിയത്. കൈയില്‍ ബാഗുണ്ടായിരുന്നത് കാരണം ഏറെ പ്രയാസപ്പെടുകയുംചെയ്തു. ബസില്‍ സീറ്റ് ഇല്ലാതിരുന്നതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇരിക്കാനുള്ള സീറ്റ് നോക്കിയപ്പോള്‍ അതില്‍ രണ്ട് ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ടായിരുന്നു. നില്‍ക്കാനുള്ള ബുദ്ധിമുട്ട് കാരണം സീറ്റ് ഒഴിഞ്ഞ് നല്‍കാന്‍ പറഞ്ഞെങ്കിലും ചെറുപ്പക്കാര്‍ സഹകരിച്ചില്ല. ഇതേ തുടര്‍ന്ന് ബസിലെ കണ്ടക്ടറോട് സീറ്റ് നല്‍കുന്നതിന് പറഞ്ഞെങ്കിലും ചെറുപ്പക്കാരെ എഴുന്നേല്‍പിക്കാന്‍ കണ്ടക്ടര്‍ തയാറായില്ല. കൊട്ടിയൂര്‍ മുതല്‍ തലശ്ശേരിവരെ ടിക്കറ്റെടുത്ത ദീര്‍ഘദൂര യാത്രക്കാരായ ഇരുവരെയും എഴുന്നേല്‍പിക്കാന്‍ പറ്റില്ളെന്നും കൂടുതല്‍ സൗകര്യത്തോടെ യാത്ര ചെയ്യണമെങ്കില്‍ സ്പെഷല്‍ വണ്ടി പിടിച്ച് പോകണമെന്നും പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ല പൊലീസ് ചീഫിന് ഫിലിപ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് തലശ്ശേരി ട്രാഫിക് പൊലീസാണ് ബസില്‍നിന്ന് പിഴ ഈടാക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇരിപ്പിടം മുതിര്‍ന്ന പൗരന്മാര്‍ക്കുതന്നെ കര്‍ശനമായി നല്‍കുന്നതിന് നടപടി സ്വീകരിക്കാനും പൊലീസ് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.