സർക്കാർ പരിപാടികളിൽ ഹരിതപെരുമാറ്റച്ചട്ടം: നടപടി ശക്തമാക്കണം

കണ്ണൂർ: വിവിധ സർക്കാർ വകുപ്പുകളുടെ കീഴിൽ നടക്കുന്ന പരിപാടിയിലും ചടങ്ങിലും ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നതിന് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവർ ജില്ല വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ പദ്ധതിയുടെ ഭാഗമായി നേരത്തേ സർക്കാർ ചടങ്ങുകളിൽ ഫ്ലക്സ് ബോർഡ്, പ്ലാസ്റ്റിക് കവർ, ഡിസ്പോസിബിൾ ഗ്ലാസ്, പ്ലേറ്റ് തുടങ്ങിയവ പൂർണമായും ഒഴിവാക്കിയിരുന്നു. എന്നാൽ, ചില വകുപ്പുകളുടെ പരിപാടികളിൽ ഈയിടെയായി അവ കടന്നുവരുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ബൊക്കെയും വെള്ളം കുടിക്കുന്നതിനുള്ള സ്േട്രായും അടക്കമുള്ള സാധനങ്ങൾപോലും സർക്കാർ ചടങ്ങുകളിൽ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കവറിലാണ് ചില സാധനങ്ങൾ നൽകുന്നത്. അതിന് ബദൽമാർഗങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ടവർ തയാറാകണം. രാഷ്ട്രീയ പാർട്ടികൾ അവരുടെ സമ്മേളനങ്ങളും മറ്റു പരിപാടിയും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് സംഘടിപ്പിക്കുന്നത്. ഇൗ മാതൃക സ്വീകരിക്കാൻ വിവിധ സർവിസ് സംഘടനകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.