കണ്ണൂർ: 63-ാമത് ദേശീയ സ്കൂൾ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിന് ജനുവരി 22 മുതൽ 25വരെ കണ്ണൂർ ആതിഥ്യമരുളും. അണ്ടർ 19 വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മത്സരങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്നുള്ള 30ലേറെ ടീമുകൾ പങ്കെടുക്കും. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ നാലു വേദിയിലായി നടക്കുന്ന മത്സരങ്ങളിൽ 600 മത്സരാർഥികളും ഇരുനൂറോളം ഒഫീഷ്യലുകളും 120 എസ്കോർട്ടിങ് അധ്യാപകരുമടക്കം ആയിരത്തോളം പേർ പങ്കെടുക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നുമുള്ള സ്കൂൾതല ടീമുകളും കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സി.ബി.എസ്.ഇ, ഐ.പി.എസ്.സി തുടങ്ങിയ സ്കൂൾ ടീമും ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ജില്ല ആതിഥ്യമരുളുന്ന ഈ ദേശീയ ചാമ്പ്യൻഷിപ് അഭിമാനകരമായ അനുഭവമാക്കിമാറ്റുകയാണ് നമ്മുടെ ലക്ഷ്യമെന്ന് സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്ത തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന ചാമ്പ്യൻഷിപ് ജനകീയ ഉത്സവമാക്കിമാറ്റണമെന്ന് ചടങ്ങിൽ സംസാരിച്ച എ.ഡി.പി.ഐ ജിമ്മി കെ. ജോസ് അഭിപ്രായപ്പെട്ടു. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, പ്രഫ. സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ എന്നിവർ മുഖ്യരക്ഷാധികാരികളും എം.പിമാർ, എം.എൽ.എമാർ, മേയർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയവർ രക്ഷാധികാരികളായും സംഘാടകസമിതിക്ക് രൂപംനൽകി. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് (ചെയ), മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ഇ.പി. ലത (കോ- ചെയ), പി.കെ. ശ്രീമതി എം.പി, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് (വൈസ് ചെയ), ഡി.പി.ഐ കെ.വി. മോഹൻകുമാർ (പ്രസി), എ.ഡി.പി.ഐ ജിമ്മി കെ. ജോസ് (വൈസ് പ്രസി), ജില്ല കലക്ടർ മിർ മുഹമ്മദലി (സെക്ര), ഡി.ഡി.ഇ യു. കരുണാകരൻ (ജന. കൺ), ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് ജോയൻറ് ഡയറക്ടർ ഡോ. ചാക്കോ ജോസഫ് (ഓർഗനൈസിങ് സെക്ര) തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ. ജനപ്രതിനിധികൾ ചെയർമാനും അധ്യാപക സംഘടനപ്രതിനിധികൾ കൺവീനറുമായി 17 സബ്കമ്മിറ്റികൾക്കും യോഗം രൂപംനൽകി. സംഘാടകസമിതി രൂപവത്കരണയോഗത്തിൽ എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ഡോ. ചാക്കോ ജോസഫ്, യു. കരുണാകരൻ, ഒ.കെ. വിനീഷ്, ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രഭാകരൻ, പി.പി. പവിത്രൻ, സി.പി. പത്മരാജൻ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.