പയ്യന്നൂർ: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ കൊലക്കേസ് പ്രതിയെ പയ്യന്നൂർ പൊലീസ് പിടികൂടി. കേളകത്ത് വർഷങ്ങൾക്കു മുമ്പ് നടന്ന കൊലക്കേസിലെ പ്രതിയും മുമ്പ് രാമന്തളി കക്കംപാറ മൊട്ടക്കുന്നിലെ താമസക്കാരനുമായിരുന്ന താഴത്തെപുരയിൽ ശിവാനന്ദനെയാണ് (45) പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനിെൻറ നേതൃത്വത്തിൽ വീടുവളഞ്ഞ് പിടികൂടിയത്. ഇത് രണ്ടാം തവണയാണ് പൊലീസ് ശിവാനന്ദനെ ഒളിവിൽ കഴിയവെ പിടികൂടുന്നത്. കൊലക്കേസിൽ അറസ്റ്റിലായ ശിവാനന്ദൻ നേരേത്ത ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. തുടർന്ന് പിടികിട്ടാപ്പുള്ളിയായും പിന്നീട് കോടതിയെ കബളിപ്പിച്ച് ഒളിച്ചുനടക്കുന്ന പ്രതിയായും പ്രഖ്യാപിച്ചു. ഒളിവിൽ പോയി ഏഴു വർഷത്തിനുശേഷം കഴിഞ്ഞ മാർച്ചിലാണ് പ്രതിയെ പയ്യന്നൂർ പൊലീസ് രാമന്തളിയിൽവെച്ച് മുമ്പ് പിടികൂടിയത്. സ്റ്റേഷനിലും ജയിലിലും മനോരോഗ ലക്ഷണം കാണിച്ച പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് കഴിഞ്ഞ ജൂണിലാണ് വീണ്ടും മുങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പയ്യന്നൂർ പൊലീസ് പ്രതിയെ പിടികൂടുന്നത്. തിങ്കളാഴ്ച ഉച്ച ഒന്നോടെ പ്രതി മൊട്ടക്കുന്നിൽ ബന്ധുവീട്ടിലെത്തിയ വിവരമറിഞ്ഞ് പൊലീസ് വീടു വളയുകയായിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. പൊലീസിനെ ആക്രമിക്കാൻ ശ്രമം നടത്തുകയും അസഭ്യം പറയുകയുംചെയ്തു. കോഴിക്കോട്ടുനിന്ന് ജൂണിൽ മുങ്ങിയ ശേഷം ഹരിദ്വാർ, ഉത്തരാഖണ്ഡ് തുടങ്ങിയ തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചതായി പ്രതി പൊലീസിനോടു പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് രാത്രിയോടെ പയ്യന്നൂരിലെത്തി ശിവാനന്ദനെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.