കണ്ണൂർ: ക്രിസ്മസ്--പുതുവർഷാഘോഷത്തിെൻറ മറവിൽ ലഹരി ഉപയോഗവും വിൽപനയും വ്യാപകമാകാനുള്ള സാധ്യത പരിഗണിച്ച് പുതുവത്സര പാർട്ടികളിൽ കർശന പരിശോധന നടത്താൻ ജില്ല ജനകീയ സമിതി യോഗത്തിൽ എക്‌സൈസ് വകുപ്പിന് ജില്ല കലക്ടർ നിർദേശം നൽകി. റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പുതുവത്സര പാർട്ടികളിലും നിരീക്ഷണം നടത്തും. വിദ്യാർഥികൾ താമസിക്കുന്ന ഒരു ഹോസ്റ്റലിൽനിന്ന് ഈ മാസം ഹഷീഷ് ഓയിൽ പിടിച്ചെടുത്ത സാഹചര്യത്തിൽ കൂടുതൽ പരിശോധനക്ക് കലക്ടർ നിർദേശം നൽകി. അനധികൃത മദ്യ-മയക്കുമരുന്ന് ഉൽപാദവും വിപണനവും തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കണ്ണൂർ ഡിവിഷൻ ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മൂന്ന് സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂനിറ്റും ഉണ്ട്. രാത്രിയിൽ പ്രത്യേക വാഹന പരിശോധന നടത്താനും നിർദേശം നൽകിയതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. വിദ്യാർഥികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും കൗൺസലിങ് നൽകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ വിദ്യാഭ്യാസ വകുപ്പിെൻറ പ്രതിനിധികൾ പങ്കെടുക്കാത്തതിൽ ജില്ല കലക്ടർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ മാസം 49.8 ലിറ്റർ ചാരായവും 93.79 ലിറ്റർ വിദേശമദ്യവും 282.35 ലിറ്റർ ഇതരസംസ്ഥാന മദ്യവും 1.87 കി.ഗ്രാം കഞ്ചാവും 3.18 ഗ്രാം ബ്രൗൺഷുഗറും 1100 ലിറ്റർ വാഷും 165.500 കി.ഗ്രാം പാൻമസാലയും പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. 97 അബ്കാരി കേസുകളും 31 എൻ.ഡി.പി.എസ് കേസുകളും 351 കോട്പ കേസുകളും എടുത്തു. ആകെ 94 പേർക്കെതിരെയാണ് കേസെടുത്തത്. ജില്ല കലക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ വി.വി. സുരേന്ദ്രൻ, സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.