കഞ്ചാവ്​ മാഫിയക്കെതിരെ പ്രതികരിച്ച പൊതുപ്രവർത്തകനെ പോക്​സോ കേസിൽ കുടുക്കിയെന്ന്​

കാസർകോട്: ചട്ടഞ്ചാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയക്കെതിരെ പ്രവർത്തിച്ച പൊതുപ്രവർത്തകനെ പോക്സോ കേസിൽ കുടുക്കിയതായി പരാതി. ചട്ടഞ്ചാലിലെ ഖാദർ കണ്ണമ്പള്ളിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എസ്.വൈ.എസ്, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവയുടെ ജില്ല കമ്മിറ്റി അംഗവും ചട്ടഞ്ചാൽ ബദർ ജുമാമസ്ജിദ് പ്രവർത്തകസമിതി അംഗവുമാണ് പരാതിക്കാരൻ. കഴിഞ്ഞ നവംബർ 25ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിയിലായ ഹൈസ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തതായി കണ്ടെത്തിയ സ്വകാര്യ സ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിയെ നാട്ടുകാർ പിടികൂടി ചോദ്യംചെയ്തിരുന്നു. ഇൗ വിദ്യാർഥിയെയും മാതാവിനെയും സ്വാധീനിച്ചാണ് കോടതിയെ സമീപിച്ച് കേസെടുപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാഞ്ഞതിനാലാണ് കോടതിയിൽ ഹരജി നൽകിയത്. 2017 ഫെബ്രുവരി 20ന് ചട്ടഞ്ചാൽ ടൗണിൽ വഴിയാത്രക്കാരനായ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയത് കഞ്ചാവ് കടത്തുസംഘമാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതേതുടർന്ന് അടുത്തദിവസം ലഹരിമാഫിയക്കെതിരെ നാട്ടുകാർ പ്രകടനം നടത്തുകയും കഞ്ചാവ് വിൽപനക്കാരുടെ മുഖ്യകേന്ദ്രം തകർക്കുകയും ചെയ്തിരുന്നു. ഇൗ സംഭവത്തിൽ കഞ്ചാവ് മാഫിയയുടെ പരാതിപ്രകാരം ഖാദറിനെ അറസ്റ്റ് ചെയ്തിരുന്നു. നിഷ്പക്ഷമായ അന്വേഷണം നടത്തി കേസിൽനിന്ന് രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഹൈകോടതി ചീഫ് ജസ്റ്റിസ്, ഡി.ജി.പി എന്നിവർക്കും പരാതിയുടെ പകർപ്പുകൾ അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.