വിഷരഹിത പച്ചക്കറികളൊരുക്കി 'സുഫലം'

കണ്ണൂർ: കുടുംബശ്രീയുടെ സുഫലം 2017 ഓണം പച്ചക്കറി വിപണനമേള കുറുമാത്തൂർ പഞ്ചായത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. വിഷരഹിതപച്ചക്കറി ഓണദിനംവരെ മേളയിൽ ലഭ്യമാകും. ജില്ലയിലെ 11 ബ്ലോക്കുകളിലായി 33 സി.ഡി.എസുകളിലും ഇത്തരത്തിൽ സുഫലം എന്നപേരിൽ കുടുംബശ്രീ പച്ചക്കറിമേള ഒരുക്കുന്നുണ്ട്. ഓണവിപണിയിൽ വിലക്കയറ്റം കുതിച്ചുകയറുന്നത് നിയന്ത്രിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷരഹിതവും തദ്ദേശീയവുമായി തയാറാക്കിയ കാർഷിക ഉൽപന്നങ്ങൾക്ക് കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനും സഹായകമാകും. ഇത്തരത്തിൽ ആഗസ്റ്റിൽ നാല് ആഴ്ചകളിലായി 120 ചന്തകളിലൂടെ 16,000 കിലോ പച്ചക്കറിവിപണനം നടത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ജില്ലയിലെ 5238ഓളം സംഘകൃഷി ഗ്രൂപ്പുകളിൽനിന്ന് ഓണവിപണി ലക്ഷ്യമാക്കി പ്രത്യേകം തെരഞ്ഞെടുത്ത 3017 ഗ്രൂപ്പുകൾ കൃഷിചെയ്ത വിഷരഹിത പച്ചക്കറികളാണ് വിപണനം നടത്തുന്നത്. കുടുംബശ്രീ ജില്ല മിഷൻ കണ്ണൂർ മഹിള കിസാൻ സശാക്തീകരൺ പര്യോജനയുടെ (എം.കെ.എസ്.പി) ഭാഗമായാണ് മേള ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.