'തുണിസഞ്ചികൾ വീടുകളിലേക്ക്' പദ്ധതി ആരംഭിച്ചു

കണ്ണൂർ: കണ്ണൂർ നിയമസഭ മണ്ഡല വികസന പരിപാടിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 40,000 വീടുകളിൽ സ്വാശ്രയ രീതിയിൽ രണ്ട് ലക്ഷം തുണിസഞ്ചി വിതരണം ചെയ്യുന്ന 'എല്ലാവരും തുണി സഞ്ചിയുമായി' ഹരിത കേരള പദ്ധതിക്ക് തുടക്കമായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുണ്ടേരി പഞ്ചായത്തിലെ കാഞ്ഞിരോട് തെരുവിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾക്കും കുടുംബശ്രീ പ്രവർത്തകർക്കുമൊപ്പം ഗൃഹസന്ദർശനം നടത്തി, സഞ്ചിയാക്കി മാറ്റാൻ പറ്റുന്ന തുണികൾ മന്ത്രിയുടെ നേതൃത്വത്തിൽ ശേഖരിച്ചു. വീടുകളിൽ നിന്ന് ശേഖരിക്കുന്ന നേരിയ ബെഡ് ഷീറ്റ്, കോട്ടൻ സാരികൾ എന്നിവ തുണി സഞ്ചിയാക്കി മാറ്റിയശേഷം അതേ വീട്ടിൽ തന്നെ തിരിച്ചു കൊടുക്കുന്നതാണ് പദ്ധതി. സഞ്ചിയാക്കി മാറ്റാൻ വേണ്ടിവരുന്ന ചെലവ് വീടുകളിൽനിന്ന് ഈടാക്കും. കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടന ശേഷം മുണ്ടേരി പഞ്ചായത്തിലെ വീടുകളിൽ നിന്ന് കുടുംബശ്രീ പ്രവർത്തകർ തുണികൾ ശേഖരിച്ചു. ചടങ്ങിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ, ജില്ല പഞ്ചായത്ത് അംഗം കെ. മഹിജ, എം. സുർജിത്ത്, വി.ലക്ഷ്മണൻ, കെ.ടി. ഭാസ്കരൻ, ഇ. അനിത, കെ.പി. ശ്രീജ, കട്ടേരി ഭാസ്കരൻ, എം.ഗംഗാധരൻ, കെ.പി. സലാം, ജി. രാജേന്ദ്രൻ, ടി.കെ. പുരുഷോത്തമൻ, പി.കെ. രാഘവൻ, ആർ.കെ. പത്മനാഭൻ എന്നിവർ സംബന്ധിച്ചു. മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.പി. സജീവൻ നന്ദിയും പറഞ്ഞു. വരുംദിവസങ്ങളിൽ ചേലോറ, എടക്കാട്, കോർപറേഷൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഗൃഹസന്ദർശനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.