ചെറുപുഴ: ദേശീയ അത്‌ലറ്റിക് താരത്തെ വരെ സംഭാവന ചെയ്ത സ്‌കൂളില്‍നിന്ന് തസ്തിക പുനര്നിര്ണയത്തിെൻറ പേരില്‍ കായികാധ്യാപകനെ സ്ഥലം മാറ്റിയ വിദ്യാഭ്യാസ വകുപ്പിെൻറ നിലപാടിനെതിരെ പ്രതിഷേധം ശക്തം. അത്‌ലറ്റിക്‌സില്‍ അഞ്ചുവര്‍ഷമായി റവന്യൂ ജില്ല ചാമ്പ്യന്‍പട്ടവും തുടര്‍ച്ചയായി 24 വര്‍ഷം റവന്യൂ ജില്ല നീന്തല്‍ ചാമ്പ്യന്‍പട്ടവും നിലനിര്‍ത്തുന്ന കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കൻഡറിയിലാണ് കായികാധ്യാപക തസ്തിക തന്നെ ഇല്ലാതാക്കിയത്. എട്ട്, ഒമ്പത് ക്ലാസുകളില്‍ 200 വിദ്യാര്‍ഥികളെങ്കിലും ഇല്ലാത്ത ഹയര്‍സെക്കൻഡറി സ്‌കൂളില്‍ മുഴുവന്‍ സമയ കായികാധ്യാപക തസ്തിക അനുവദിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 20 വര്‍ഷമായി ഈ സ്‌കൂളിലെ കായികാധ്യാപകനായ സജി മാത്യുവിനെ സ്ഥലംമാറ്റിയത്. അത്‌ലറ്റിക്‌സ്, നീന്തല്‍ കിരീടങ്ങള്‍ നിലനിര്‍ത്താനുള്ള പരിശീലനം നല്‍കുന്നതിനിടെയാണ് സജി മാത്യുവിനെ മണക്കടവ് സ്‌കൂളിലേക്ക് മാറ്റി നിയമിച്ചത്. സ്വന്തമായി മൈതാനമോ ശാസ്ത്രീയ നീന്തല്‍ക്കുളമോ ഇല്ലാത്ത സ്‌കൂളിനെ കായികാധ്യാപകെൻറയും രക്ഷാകര്‍ത്താക്കളുടെയും കഠിന പരിശ്രമത്തിലൂടെയാണ് കായികരംഗത്ത് ജില്ലയിലെ മികച്ച സ്കൂളാക്കി വളര്‍ത്തിക്കൊണ്ടുവന്നത്. കുത്തിയൊഴുകുന്ന കാര്യങ്കോട് പുഴയിലാണ് രാവിലെയും വൈകീട്ടും കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നത്. കോഴിച്ചാല്‍ -രാജഗിരി റോഡില്‍ തിരക്കില്ലാത്ത സമയങ്ങളില്‍ ഓടിച്ചും നടത്തിച്ചുമാണ് അത്‌ലറ്റിക്‌സില്‍ മികച്ച താരങ്ങളെയും ഇവിടെനിന്ന് വളര്‍ത്തിയെടുക്കുന്നത്. ഇതിനെല്ലാമിടയില്‍ ബാസ്‌കറ്റ്ബാളിലും പരിശീലനം നല്‍കി ഉപജില്ലയിലെ ഏറ്റവും മികച്ച ടീമിനെ ഇവിടെനിന്ന് പുറത്തിറക്കിയിട്ടുണ്ട്. ദേശീയ അത്‌ലറ്റിക്‌സ് താരം ജിത്തു ബേബി സ്കൂളിലെ വിദ്യാർഥിയായിരുന്നു. ഇവിടെ പഠിച്ച കായികതാരങ്ങളില്‍ നിരവധി പേര്‍ ഇപ്പോള്‍ സർവിസസിലും സംസ്ഥാന, ദേശീയ ടീമുകളിലും ഇടം നേടിയിട്ടുമുണ്ട്. ഇത്രയേറെ നേട്ടങ്ങളും പരിശ്രമങ്ങളും കണ്ടില്ലെന്ന് നടിച്ചാണ് ഇപ്പോള്‍ കായികാധ്യാപക തസ്തിക തന്നെ ഇല്ലാതാക്കാൻ നീക്കം നടക്കുന്നത്. തസ്തിക നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് അധ്യാപക രക്ഷാകർതൃസമിതി സി. കൃഷ്ണന്‍ എം.എല്‍.എ മുഖേന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി അനുകൂല തീരുമാനം കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.