വ്യാജരേഖ ചമച്ച് സ്വത്തുതട്ടിയെടുത്ത കേസ്: അഭിഭാഷകയുടെ വീടിനുനേരെ ആക്രമണം

പയ്യന്നൂർ: വ്യാജരേഖകൾ ചമച്ച് സഹകരണവകുപ്പ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ പി. ബാലകൃഷ്ണ​െൻറ സ്വത്തുക്കൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയായ പയ്യന്നൂരിലെ അഭിഭാഷക കെ.വി. ഷൈലജയുടെ വീടിനുനേരെ ആക്രമണം. പയ്യന്നൂർ തായിനേരിയിലെ വീടിനുനേരെയാണ് ബുധനാഴ്ച രാത്രി ആക്രമണം നടന്നത്. കല്ലേറിൽ വീടി​െൻറ രണ്ടു ജനൽചില്ലുകൾ തകർന്നു. ഗേറ്റിൽ സ്ഥാപിച്ച വൈദ്യുതിവിളക്കും തകർത്തിട്ടുണ്ട്. ബിയർ കുപ്പികൾ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഷൈലജയും കേസിലെ മറ്റൊരു പ്രധാന പ്രതിയായ ഭർത്താവ് പി. കൃഷ്ണകുമാറും ഒളിവിലാണ്. മകളും മകനും വീടുപൂട്ടി ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. ശബ്ദംകേട്ട് സമീപവാസികൾ നോക്കിയപ്പോൾ ആക്രമണം നടത്തിയവർ രക്ഷപ്പെടുകയായിരുന്നു. ബാലകൃഷ്ണ​െൻറ സ്വത്ത് വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളായ കോറോം കിഴേക്ക വണ്ണാടിൽ ജാനകിയെ (71) ബുധനാഴ്ച അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഷൈലജയുടെ സഹോദരിയായ ജാനകി ബാലകൃഷ്ണനെ വിവാഹം കഴിച്ചെന്നാണ് വ്യാജരേഖയുണ്ടാക്കിയത്. പ്രായവും അവശതയും കണക്കിലെടുത്ത് പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാനകിയെ ജാമ്യത്തിൽ വിട്ടു. അന്വേഷണ ഉേദ്യാഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം. അറസ്റ്റ് ഭയന്ന് ഒളിവിൽക്കഴിയുന്ന ഷൈലജയെയും കൃഷ്ണകുമാറിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.