കണ്ണപ്പെരുവണ്ണാൻ: വിടവാങ്ങിയത് തെയ്യം കലയുടെ കുലപതി

പഴയങ്ങാടി: തെയ്യം കലയുടെയും മറ്റ് അനുഷ്ഠാനകലകളുടെയും നിറസാന്നിധ്യമായിരുന്നു ചെറുതാഴം പഞ്ചായത്തിലെ അതിയടം ശ്രീസ്ഥയിൽ വ്യാഴാഴ്ച നിര്യാതനായ പൊടിക്കളംപറമ്പിൽ പെരുവണ്ണാൻ എന്ന കണ്ണപ്പെരുവണ്ണാൻ. ഏഴരപ്പതിറ്റാണ്ടുകാലം തെയ്യം കലയുമായി ബന്ധപ്പെട്ട സർവരംഗങ്ങളിലും കണ്ണപ്പെരുവണ്ണാൻ നിറഞ്ഞുനിന്നു. മുച്ചിലോട്ട് ഭഗവതി, പാലോട്ട് ദൈവം തുടങ്ങി പ്രസിദ്ധമായ തെയ്യങ്ങൾ കെട്ടിയാടിയ കണ്ണപ്പെരുവണ്ണാൻ കതിവന്നൂർവീരൻ തെയ്യം കെട്ടിയാടുന്നതിൽ മലബാറിൽ പേരുകേട്ട കലാകാരനാണ്. കതിവന്നൂർവീരൻ തെയ്യം കെട്ടിയാണ് പട്ടും വളയും സ്വന്തമാക്കിയത്. ഏഷ്യാഡിൽ തെയ്യം കല അവതരിപ്പിച്ച കണ്ണപ്പെരുവണ്ണാൻ മോസ്കോ, പാരിസ്, ജർമനി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും തെയ്യം കല അവതരിപ്പിച്ചിട്ടുണ്ട്. ഏഴരപ്പതിറ്റാണ്ടിനിടയിൽ സംഗീത നാടക അക്കാദമി അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി. 2007ൽ കേരള നിയമസഭയുടെ ആദരവും ഏറ്റുവാങ്ങിയിട്ടുണ്ട്. ഏഴുവർഷം മുമ്പുവരെ തെയ്യം കെട്ടിയാടിയിരുന്ന കണ്ണപ്പെരുവണ്ണാൻ വാർധക്യസഹജമായ പ്രയാസങ്ങൾ നേരിട്ട് തീർത്തും വിശ്രമത്തിലായ കാലത്തും തെയ്യം കലയുമായി ബന്ധപ്പെട്ട ഏത് പരിപാടികളിലും സജീവ സാന്നിധ്യമായി തുടർന്നു. ആരോഗ്യസ്ഥിതി തീർത്തും വഷളായതിനെ തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഒരാഴ്ച മുമ്പാണ് വിദഗ്ധചികിത്സക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെെവച്ച് വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം. മരണവാർത്ത അറിഞ്ഞതുമുതൽ കല, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലുള്ളവർ ഉൾപ്പെടെ വിവിധ തുറകളിലുള്ളവർ ശ്രീസ്ഥയിലെ വസതിയിൽ തെയ്യം കലയുടെ കുലപതിക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.